nurse

കൊല്ലം: കൊവിഡിനെ പേടിച്ച് വീട്ടിലിരിക്കാതെ പണിയെടുത്തിട്ടും നഴ്സുമാരുടെ പഴ്സും കാലി. ചിലർക്ക് കിട്ടുന്ന ശമ്പളത്തിന്റെ വലിയ ഭാഗം യാത്രയ്ക്ക് ചെലവാകുകയാണ്. മറ്റ് ചിലർ ആശുപത്രിയിലെത്താൻ വൈകുന്നതിനാൽ പല ദിവസങ്ങളിലും അധികൃതർ അവധി രേഖപ്പെടുത്തുകയാണ്. ഗതാഗത സൗകര്യമില്ലാത്തതാണ് പ്രശ്നം.

സർക്കാർ ആശുപത്രികളിൽ രാവിലെ 7.30നാണ് ആദ്യ ഷിഫ്ട് തുടങ്ങുന്നത്.

ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ജോലി ചെയ്യുന്ന കൊല്ലത്തെ വിവിധ പ്രദേശങ്ങളിലുള്ളവർ പുലർച്ചെ അഞ്ചോടെയെങ്കിലും വീട്ടിൽ നിന്നിറങ്ങും. ആട്ടോ പിടിച്ച് ഡിപ്പോയിൽ എത്തിയാലും ബസ് കിട്ടില്ല. ഏറെ കാത്തുനിന്ന് കിട്ടുന്ന ബസിൽ ആശുപത്രിയിലെത്തുമ്പോൾ ഒരു മണിക്കൂറെങ്കിലും വൈകും. തുടർച്ചയായി നാല് ദിവസം വൈകുമ്പോൾ ഒരു ദിവസത്തെ ശമ്പളം പോകും.

ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിക്കുന്ന ഷിഫ്ട് അവസാനിക്കുന്നതും നൈറ്റ് ഷിഫ്ട് ആരംഭിക്കുന്നതും രാത്രി ഏഴരയ്ക്കാണ്. ഈ രണ്ട് കൂട്ടരും കെ.എസ്.ആർ.ടി.സിയെ വിശ്വസിച്ചിറങ്ങിയാൽ പണി കിട്ടുമെന്ന കാര്യം ഉറപ്പാണ്. സന്ധ്യ കഴിഞ്ഞാൽ കെ.എസ്.ആർ.ടി.സി കണികാണാൻ പോലുമില്ല. ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തിൽ ആശുപത്രി ജീവനക്കാർക്കായി തദ്ദേശ സ്ഥാപനങ്ങൾ ഏർപ്പെടുത്തിയ സൗജന്യ താമസസൗകര്യവും ഭൂരിഭാഗം സ്ഥലങ്ങളിലും പിൻവലിച്ചു. കൊച്ചുകുട്ടികൾ ഉള്ളതിനാൽ പലർക്കും ജോലി സ്ഥലത്തോട് ചേർന്ന് വാടകയ്ക്ക് താമസിക്കാനും കഴിയുന്നില്ല. പലർക്കും ശമ്പളത്തിന്റെ കാൽഭാഗത്തിലേറെ യാത്രയ്ക്കായി ചെലവാകുകയാണ്. 50 കിലോ മീറ്ററോളം ദൂരത്തിൽ ഇരുചക്രവാഹനം ഓടിച്ച് ആശുപത്രിയിലെത്തുന്ന മാലാഖമാരുമുണ്ട്.