സാമൂഹിക അകലം പാലിക്കാതെ ജില്ലാ ആശുപത്രി
കൊല്ലം: ജില്ലാ ആശുപത്രിയിൽ അടുത്ത ദിവസങ്ങളിലെത്തിയ ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാൽ ആകെ കുഴയും. സമ്പർക്ക പട്ടിക പോലും തകയ്യാറാക്കാനാകില്ല. അത്രത്തോളം രൂക്ഷമാണ് ഇവിടുത്തെ അവസ്ഥ. സാമൂഹിക അകലം പോയിട്ട് സൂചി കുത്താൻ പോലും ഇടമില്ല.
ജില്ലാ ആശുപത്രിയുടെ മുക്കിലും മൂലയിലും തിരക്കാണ്. രാവിലെ എട്ടിന് ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിൽ ക്യൂ തുടങ്ങും. പിന്നാലെ രോഗികളും ഒപ്പമെത്തുന്നവരും ഒ.പികൾക്ക് മുന്നിൽ തടിച്ചുകൂടും. പിന്നെ മരുന്നിന്റെ കുറിപ്പടിയുമായി ഫാർമസിക്ക് മുന്നിലെത്തുന്നവരുടെ പൂരത്തിരക്കാണ്. വേഗം കാര്യം സാധിച്ച് മടങ്ങാനുള്ള തത്രപ്പാടിൽ എല്ലാവരും സാമൂഹിക അകലം മറക്കുകയാണ്. ആശുപത്രിയുടെ മുക്കിലും മൂലയിലും സുരക്ഷാ ജീവനക്കാരുണ്ട്. അവരെല്ലാം സാമൂഹിക അകലം പാലിച്ച് ദൂരെ മാറിയിരിപ്പാണ്.
ആശുപത്രിയുടെ നിയന്ത്രണ ചുമലതയുള്ളവരെല്ലാം കൊവിഡ് പേടിയിലാണ്.
സ്വന്തം കാബിൻ വിട്ട് പുറത്തിറങ്ങാൻ പോലും ഇവർ തയ്യാറാകുന്നില്ല. പ്രായമുള്ളവരും കുട്ടികളും രോഗബാധിതരും ഒരുപോലെ എത്തുന്നിടമാണ്. സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ട സ്ഥലം. പക്ഷെ അതുറപ്പാക്കാൻ ആശുപത്രി അധിതൃതരും ശ്രമിക്കുന്നില്ല. തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമാണ് വൻ തിരക്ക്. കൊവിഡ് ഭീതി പടർന്ന സമയത്ത് ജില്ലാ ആശുപത്രി ഒ.പിയിലെത്തുന്നവരുടെ എണ്ണം ഇരുന്നൂറിൽ താഴെയായിരുന്നു. ഇപ്പോഴത് ഉയർന്ന് ശരാശരി 1500 വരെയെത്തി.