fish

മീൻപിടിത്തം വളരെ രസമുള്ള ഒരു വിനോദമാണ്. കുരുക്കുണ്ടാക്കി പുഴയിൽ പോയി മീൻ പിടിക്കുന്ന ഓർമ്മകൾ പലർക്കുമുണ്ടാകും. ചെറിയ മീനായാലും വലിയ മീനായാലും ചൂണ്ടയിൽ കുരുങ്ങി കഴിഞ്ഞാൽ അതൊരു വലിയ ആനന്ദം തരുന്ന അനുഭവമാണ്. അങ്ങനെ വിനോദത്തിന് മീൻപിടിക്കാൻ പോയ ഒരു ഓസ്‌ട്രേലിയക്കാരന്റെ വലയിൽ കുടുങ്ങിയ മീൻ ഒരു ഒന്നൊന്നര മീനായിരുന്നു. എഡ് ഫാൽകണർ എന്ന ഓസ്ട്രേലിയക്കാരൻ തന്റെ പ്രിയ ബോട്ടായ കീലി റോസിന്റെ അറ്റകുറ്റപ്പണികൾ നടത്തി ക്വീൻസ് ലാൻഡിലെ റൈൻബോ ബീച്ചിൽ മീൻപിടിക്കാനിറങ്ങി. കുറച്ച് നേരം ക്ഷമയോടെ കാത്തിരുന്ന എഡ് ഫാൽകണരുടെ ചൂണ്ടയിൽ അവസാനം ഒരു മീൻ കുരുങ്ങി. അത്യാഹ്ലാദത്തിൽ റീൽ വലിച്ച് മീനിനെ മുകളിലേക്ക് പൊക്കാൻ ശ്രമിച്ച എഡ് ഫാൽകണർക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. കുരുങ്ങിയത് ഒരു ചെറിയ മീനല്ല. ചൂണ്ടയും റീലിമായി 20 മിനിട്ടോളം മൽപ്പിടുത്തം നടത്തിയതിന് ശേഷമാണ് ഒടുവിൽ കുരുങ്ങിയ മീൻ ഏതാണെന്ന് കാണാൻ തക്കവിധം മീൻ കടലിന്റെ മുകൾപ്പരപ്പിൽ എത്തിയത്.

22 കിലോഗ്രാം തൂക്കമുള്ള റെഡ് എമ്പറർ എന്ന വമ്പൻ മീൻ. തുടക്കത്തിൽ മീനിന്റെ വലിപ്പത്തെപ്പറ്റി കൃത്യമായ ധാരണ ഫാൽകണർക്കുണ്ടായിരുന്നില്ല. ബോട്ടിലേക്ക് വലിച്ചു കയറ്റിയ ശേഷം അളന്ന് നോക്കിയപ്പോഴാണ് താൻ ഇതുവരെ പിടിച്ചതിൽ ഏറ്റവും വലുതും നീളം കൂടിയതുമായ (104 സെന്റിമീറ്റർ) മീൻ ആണ് ഈ റെഡ് എമ്പറർ എന്ന് ഫാൽകണർക്ക് മനസ്സിലായത്.

"ഞാൻ 30 വർഷമായി ഇവിടെ മത്സ്യബന്ധനം നടത്തുന്നു. ഇതിനു മുൻപ് ഞാൻ പിടിച്ച ഏറ്റവും വലിയ മീനിന് 19 കിലോഗ്രാം ആയിരുന്നു തൂക്കം. പലപ്പോഴും 8 കിലോഗ്രാം, 10 കിലോഗ്രാം, 12 കിലോഗ്രാം വരെ തൂക്കമുള്ള മീനുകൾ ലഭിക്കാറുണ്ട്. ഇത് പക്ഷെ അപ്രതീക്ഷിത അതിഥിയാണ്. ജീവിതത്തിൽ ഒരിക്കലൊക്കെ മാത്രമേ ഇത്രയും വലിയ മീനൊക്കെ പിടിക്കാൻ സാധിക്കൂ”ഫാൽക്കനർ പറഞ്ഞു. 22 കിലോഗ്രാം തൂക്കമുള്ള റെഡ് എമ്പറർ കിട്ടിയ സ്ഥിതിക്ക് ഇനി കുറച്ച് കാലത്തേക്ക് ഫാൽകണർക്ക് കുശാലായല്ലോ എന്ന് വിചാരിക്കേണ്ട. ക്വീൻസ് ലാൻഡ് ഫിഷറീസ് ഡിപ്പാർട്ട്മെന്റിന് താൻ പിടിച്ച ഏറ്റവും വലിയ മീനിനെ ഫാൽകണർ സംഭാവന ചെയ്തു. എങ്ങിനെ ഈ മീനിന് ഇത്രയും വലിപ്പം വച്ചു എന്ന് പഠിക്കാനാണ് സംഭാവന ചെയ്തത്.