joli

 ജീവനക്കാരുടെ പോക്കറ്റ് ചോർത്തി യാത്രാ ചെലവ്

കൊല്ലം: കൊവിഡ് കാലത്തെ രോഗഭീതിയുടെയും ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെയും ഇടയിൽ ഓഫീസ് യാത്രകൾ ജീവനക്കാരിൽ ഭൂരിഭാഗത്തിനും താങ്ങാനാകാത്ത ചെലവാകുന്നു. സമയത്ത് ഓഫീസിലെത്താനും രാവേറും മുമ്പ് തിരികെ വീട്ടിലെത്താനും കഴിയുന്ന തരത്തിൽ പഴയതുപോലെ കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകളില്ല.

ഇതിനൊപ്പം രോഗവ്യാപന ഭീതിയിൽ ബസ് യാത്ര ഒഴിവാക്കാൻ ജീവനക്കാരിൽ മിക്കവരും ശ്രമിക്കുന്നു. ടാക്സി കാറുകൾ, ജീപ്പ്, മിനി ബസുകൾ എന്നിവ വാടകയ്ക്ക് വിളിച്ചാണ് ജീവനക്കാരിൽ വലിയൊരു വിഭാഗം ഒറ്റയ്ക്കും സംഘം ചേർന്നും ഓഫീസുകളിലെത്തുന്നത്. ദിവസം തോറും ഇന്ധന വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഓഫീസ് യാത്രയുടെ ചെലവ് എല്ലാ പരിധിയും ഭേദിക്കുകയാണ്. കൊവിഡ് പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാരിന്റെ നിർബന്ധിത സാലറി കട്ട് കൂടിയായതോടെ സാമ്പത്തിക ഞെരുക്കത്തിലാണ് ഭീമമായ ശമ്പളം വാങ്ങാത്ത ഉദ്യോഗസ്ഥരിൽ മിക്കവരും.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ജോലി ചെയ്തിരുന്നവർ ട്രെയിനുകളെയാണ് ആശ്രയിച്ചിരുന്നത്. സീസൺ ടിക്കറ്റുകളുടെ ലാഭവും യാത്രാ ക്ഷീണം കുറയുന്നതുമാണ് ട്രെയിൻ യാത്രകളെ പ്രിയപ്പെട്ടതാക്കിയത്. ട്രെയിൻ ഇല്ലാത്തതിന് പകരം സൂപ്പർ ഫാസ്റ്റ് ബസുകളെ ആശ്രയിക്കുമ്പോൾ യാത്രാ ക്ഷീണവും ടിക്കറ്റ് ചാർജും പലർക്കും താങ്ങാൻ കഴിയാത്തതായി.

സ്വകാര്യ ജീവനക്കാരും ബുദ്ധിമുട്ടിൽ

യാത്രാ ബുദ്ധിമുട്ടുകളുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും ഇടയിൽ നട്ടം തിരിയുകയാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ഒരു വിഭാഗം ജീവനക്കാർ. സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് അവധി ലഭിക്കുമ്പോൾ തൊഴിൽ അനുകൂല്യങ്ങൾക്ക് പുറത്താണ് സ്വകാര്യ സ്ഥാപനങ്ങളിലെ വലിയ വിഭാഗം ജീവനക്കാർ. ഞയറാഴ്ചയിലെ സമ്പൂർണ ലോക്ക് ഡൗൺ ഒഴിവാക്കിയതോടെ ആഴ്ചയിൽ എല്ലാ ദിവസം ജോലിക്കെത്തണമെന്ന നിർദേശം ലഭിച്ച തൊഴിലാളികളുണ്ട്.

സൂപ്പർ മാർക്കറ്റുകൾ, വസ്ത്രശാലകൾ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങി സ്വകാര്യ മേഖലയിലെ തൊഴിൽ ദാതാക്കൾ നിരവധിയാണ്. ലോക്ക് ഡൗൺ കാലത്തെ മാന്ദ്യവും നഷ്ടവും മറികടക്കാൻ എല്ലാ വഴികളും നോക്കുന്ന വിപണിയിൽ പാർശ്വവത്കരിക്കപ്പെടുന്നത് സാധാരണ തൊഴിലാളികളാണ്. മുൻപ് ബസിൽ വന്നുകൊണ്ടിരുന്നവരിൽ പലരും രോഗഭീതിയിൽ ആട്ടോറിക്ഷ വിളിച്ചും സ്വന്തം വാഹനങ്ങളിലുമാണ് എത്തുന്നത്. ഇതോടെ യാത്രാ ചെലവ് വൻ തോതിൽ ഉയർന്നു. സ്വന്തം വാഹനങ്ങൾ ഇല്ലാത്തവരും ആട്ടോ വിളിക്കാൻ ശേഷിയില്ലാത്തവരും ബസുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും രാത്രി വൈകി വീട്ടിലേക്കുള്ള മടക്കയാത്ര പലർക്കും ദുരിതമാണ്.

ലോക്ക് ഡൗൺ പൊതുവിലുണ്ടാക്കിയ മാന്ദ്യത്തിൽ ശമ്പളം വെട്ടികുറയ്ക്കെപ്പട്ടവരും മാസങ്ങളായി നിഷേധിക്കപ്പെട്ടവരും സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിലുണ്ട്. മാന്ദ്യകാലത്തെ ദുരിതം മറികടക്കാൻ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സഹായങ്ങളും കരുതലും അനിവാര്യമാണ്.

സിവിൽ സ്റ്റേഷൻ പരിസരത്തെ കാഴ്ചകൾ

1. മാവേലിക്കരയിൽ നിന്നെത്തിയ ജീവനക്കാരി 4.50ന് സിവിൽ സ്റ്റേഷന് മുന്നിലെ ബസ് സ്റ്റോപ്പിൽ

2. കായംകുളത്തേക്കുള്ള ബസിൽ കയറിപ്പറ്റിയത് 5.55ന്

3. കായംകുളത്ത് നിന്ന് ബസിൽ കയറി വീടണയുമ്പോൾ രാത്രി 8 കഴിയും

4. അഞ്ച് വനിതാ ജീവനക്കാർ കാറിൽ വീട്ടിലേക്ക് മടങ്ങും വഴി പിങ്ക് പൊലീസ് വാഹനം തടയുന്നു

5. നാലുപേർ മാത്രമേ പോകാവൂ, ഒരാൾ ഇറങ്ങണമെന്ന് ആവശ്യം

6. കാറിൽ നിന്നിറങ്ങിയാൽ എങ്ങനെ പോകുമെന്ന ചോദ്യത്തിന് ഉത്തരമില്ല

ഒരു ദിവസത്തെ യാത്രാ ചെലവ്

അന്യജില്ലകളിൽ നിന്നുള്ളവ‌ർ: 500 രൂപ (കുറഞ്ഞത്)​

ജില്ലയിലുള്ളവർ: 250 രൂപ

(രാത്രി വൈകിയാൽ തുക കൂടും)​

''

ഓഫീസുകളിലെത്താൻ ജീവനക്കാർക്ക് യാത്രാ ബുദ്ധിമുട്ടുകളുണ്ട്. പക്ഷേ, പ്രതിസന്ധി കാലത്ത് സർക്കാരിനൊപ്പം സാമൂഹിക പ്രതിബദ്ധതയോടെ നിലയുറപ്പിക്കുകയാണ് സർക്കാർ ജീവനക്കാർ.

കെ.വിനോദ്, ജോയിന്റ് കൗൺസിൽ

ജില്ലാ സെക്രട്ടറി

''

സർക്കാർ ജീവനക്കാർക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തണം. യാത്രാ ബുദ്ധിമുട്ടുകൾ ജീവനക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്.

ജെ.സുനിൽ ജോസ്,

എൻ.ജി.ഒ അസോ. ജില്ലാ പ്രസിഡന്റ്