pipe

കൊല്ലം: ശാസ്താംകോട്ട തടാക സംരക്ഷണത്തിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിക്കുകയും ഇപ്പോഴത്തെ സർക്കാരിന്റെ തുടക്ക കാലത്ത് അവസാനിപ്പിക്കുകയും ചെയ്ത ബദൽ കുടിവെള്ള പദ്ധതിക്കായി എത്തിച്ച പൈപ്പുകൾ തടാക തീരത്ത് നശിക്കുന്നു.

കൊല്ലം നഗരത്തിന്റെ ദാഹമകറ്റാൻ കല്ലടയാറ്റിലെ കടപുഴ ഭാഗത്ത് നിന്ന് ശാസ്‌താംകോട്ടയിൽ വെള്ളമെത്തിച്ച് ശുദ്ധീകരിക്കുന്നതായിരുന്നു ബദൽ പദ്ധതി. ഇതിനായി കടപുഴഭാഗത്ത് തടയണ നിർമ്മിക്കാൻ 19 കോടിയും ഇവിടെ നിന്ന് വെള്ളം ശാസ്താംകോട്ടയിലെത്തിക്കാൻ പൈപ്പുകൾ സ്ഥാപിക്കാൻ 14.5 കോടിയും സർക്കാർ അനുവദിച്ചു. താടകത്തിന്റെ തീരങ്ങളിലെല്ലാം കൂറ്റൻ പൈപ്പുകൾ ഇറക്കിയ ശേഷം കോളേജിന്റെ ഭാഗത്ത് ഒരു കിലോമീറ്ററോളം ഭാഗത്ത് പൈപ്പുകൾ കുഴിച്ചിടുകയും ചെയ്തു. ഇതോടെ തടാകത്തിന്റെ നാട് ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും കോടികളുടെ പദ്ധതി പാതിവഴിയിൽ അവസാനിപ്പിച്ചു.

പൈപ്പുകൾ ഇറക്കിയതിലൂടെ 6.93 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരാവകാശ രേഖയിൽ സർക്കാർ മറുപടി നൽകിയത്. എന്നാൽ ഇതിലേറെ നഷ്ടമുണ്ടായെന്നായിരുന്നു സി.എ.ജി കണ്ടെത്തൽ. തടാക തീരത്ത് നശിക്കുന്ന പൈപ്പുകൾ മറ്റേതെങ്കിലും കുടിവെള്ള പദ്ധതികൾക്കായി ഉപയോഗിക്കണമെന്ന നാട്ടുകാരുടെ പ്രായോഗിക നിർദ്ദേശങ്ങളും പരിഗണിക്കുന്നില്ല. പൈപ്പുകളിൽ പലതും നശിച്ച് തുടങ്ങി. തടാകത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സർക്കാർ വകുപ്പുകളുടെ അനാസ്ഥയുടെ അടയാളമായി മാറുകയാണ് തടാക തീരത്തെ പൈപ്പുകൾ.