സ്വന്തം അധ്വാനത്തിൽ നിന്ന് ഒരു സ്വപ്ന ഭവനം സ്വന്തമാക്കുക എന്ന ആഗ്രഹമില്ലാത്ത മനുഷ്യരുണ്ടാകില്ല. അതുപോലെ ഒരു വീട് സ്വന്തമാക്കിയ യുവാവിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബ്രോഡ് വെൽ ഷോകളിലൂടെ പ്രശസ്തനായ റോബർട്ട് ഹാർട്ട്‌വെൽ വീട് വാങ്ങിയതു വൈറലായതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരു ജനതയോടുള്ള ആദരസൂചകമായിക്കൂടിയാണ് റോബർട്ട് ഈ വീട് വാങ്ങിയിരിക്കുന്നതത്രേ
താൻ സ്വന്തമാക്കിയ ആഡംബര വീടിനു മുന്നിൽ നിന്നുള്ള ചിത്രം സഹിതമാണ് റോബർട്ട് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കറുത്ത വർഗക്കാരുടെ അടിമത്വകാലത്തിന്റെ കഥ കൂടി പറയാനുണ്ട് റോബർട്ട് സ്വന്തമാക്കിയ വീടിന്. വീട് വാങ്ങാൻ ഉടമയെ സമീപിച്ചപ്പോൾ തനിക്കതു സ്വന്തമാക്കാനുള്ള പണമുണ്ടോ എന്നയാൾ സംശയിച്ചിരിന്നുവെന്നും കഠിനാധ്വാനിയായ കറുത്ത മനുഷ്യനെ കുറച്ചു കാണരുതെന്നും റോബർട്ട് പറയുന്നു. ഒരു കറുത്ത വർഗക്കാരനെന്നതിൽ ഇത്രത്തോളം അഭിമാനം തോന്നിയ നിമിഷം വേറെയുണ്ടായിട്ടില്ലെന്നും റോബർട്ട് കുറിച്ചിരിക്കുന്നു.
റോബർട്ടിന്റെ കുറിപ്പിലേക്ക്.
മൂന്നാഴ്ച്ചകൾക്കു മുമ്പ് ഓൺലൈനിലൂടെയാണ് ഞാൻ ഈ വീട് കാണുന്നത്. അപ്പോൾ തന്നെ 'ഇതാണ് എന്റെ വീട്' എന്ന് മനസ്സിൽ പറഞ്ഞു. ഉടമയെ വിളിപ്പിച്ചപ്പോൾ ഇത് മുഴുവൻ പണവും കൊടുത്തു വാങ്ങേണ്ടതാണെന്നു പറഞ്ഞു. ഒരിക്കലും കഠിനാധ്വാനിയായ ഒരു കറുത്ത മനുഷ്യനെ വിലകുറച്ചു കാണരുത്. 1820 റസ്സൽ കുടുംബത്തിനു വേണ്ടി തയ്യാറാക്കിയ വീടാണത്. അടിമത്വം നിയമപരമായിരുന്ന കാലത്തേത്. എന്തുകൊണ്ടാണ് ഇത്രയും വലിയ വീട് വാങ്ങുന്നതെന്ന് ഏജന്റ് ചോദിച്ചപ്പോൾ ഇതൊരു തലമുറയുടെ ആഗ്രഹമാണെന്നാണ് പറഞ്ഞത്. ഈ വീട് വലിയതാണെന്ന് എനിക്കറിയാം. എങ്കിലും 1820ൽ ഈ വീട് നിർമിക്കാൻ കഷ്ടപ്പെട്ട എന്റെ പൂർവികരോട് 200 വർഷങ്ങൾക്കിപ്പുറം ഒരു കറുത്ത വർഗക്കാരൻ തന്നെ അതു സ്വന്തമാക്കിയെന്നും അവിടെ സ്‌നേഹം നിറയ്ക്കുന്നുവെന്നും പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാണ്. ഒരു കറുത്ത വർഗക്കാരനെന്നതിൽ ഇത്രത്തോളം അഭിമാനം തോന്നിയ നിമിഷം വേറെയുണ്ടായിട്ടില്ല.