പ്രവാസി സുഗതന്റെ കുടുംബത്തിന് പഞ്ചായത്തിന്റെ അന്ത്യശാസനം
പത്തനാപുരം: എ.ഐ.വൈ.എഫ് പ്രവർത്തകർ കൊടികുത്തിയതിനെ തുടർന്ന് വർക്ക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച പ്രവാസി സുഗതന്റെ കുടുംബത്തിന് മുഖ്യമന്ത്രി നൽകിയ ഉറപ്പും തുണച്ചില്ല. സുഗതന്റെ വർക്ക് ഷോപ്പിന് ലൈസൻസ് നൽകാനാകില്ലെന്നും ഉടൻ പൊളിച്ചു മാറ്റണമെന്നും വിളക്കുടി പഞ്ചായത്ത് അധികൃതർ അന്ത്യശാസനം നൽകിയതോടെയാണിത്. സുഗതന്റെ മരണം വിവാദമായപ്പോൾ വർക്ക്ഷോപ്പിന് ലൈസൻസ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പാണ് ലംഘിക്കപ്പെടുന്നത്.
സുഗതന്റെ കുടുംബം എട്ട് ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് നിർമ്മിച്ച ഉപജീവനമാർഗം പൊളിച്ചു മാറ്റാനൊരുങ്ങുകയാണ്. വർക്ക് ഷോപ്പിന്റെ പ്രവർത്തനം നല്ല നിലയിൽ മുന്നോട്ട് പോകുന്നതിനിടെയാണ് പ്രതികാര നടപടിയുമായി പഞ്ചായത്ത് അധികൃതർ രംഗത്തെത്തിയത്.
ആറ് മാസത്തേക്കുള്ള വസ്തുവിന്റെ കരം തുകയായ 9,700 രൂപ പഞ്ചായത്ത് ഓഫീസിൽ അടച്ചശേഷമാണ് വൈദ്യുതിക്കാവശ്യമായ കെട്ടിട നമ്പർ നൽകിയത്. നികുതിയിനത്തിൽ നൽകാനുള്ള ഇരുപതിനായിരത്തിലധികം രൂപ അടച്ച് വർക്ക്ഷോപ്പിന്റെ പ്രവർത്തനം ഉടൻ നിറുത്തണമെന്നാണ് പഞ്ചായത്തിന്റെ അന്ത്യശാസനം. ഒപ്പമുണ്ടാകുമെന്ന് കരുതിയ സർക്കാരും കൈവിട്ടതോടെ സുഗതന്റെ കുടുംബം തീർത്തും ദുരിതത്തിലായി.
ജീവിതമാർഗം അടഞ്ഞതിങ്ങനെ
2018 ഫെബ്രുവരി 23 നാണ് കൊല്ലം- തിരുമംഗലം ദേശീയപാതയിൽ ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷനിലെ നിർമ്മാണത്തിലിരുന്ന വർക്ക്ഷോപ്പിൽ പ്രവാസിയായ പുനലൂർ വാളക്കോട് സ്വദേശി സുഗതനെ (64) തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങാനായി നിർമ്മിച്ച വർക്ക്ഷോപ്പ് നിയമം ലംഘിച്ച് നിർമ്മിക്കുന്നുവെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവർത്തകർ കൊടികുത്തിയതിനെ തുടർന്നാണ് സുഗതന് ജീവനൊടുക്കേണ്ടി വന്നത്. അച്ഛന്റെ മരണത്തോടെ വർക്ക്ഷോപ്പ് എന്ന സ്വപ്നം ഉപേക്ഷിച്ച സുഗതന്റെ മക്കൾ മുഖ്യമന്ത്രി നൽകിയ വാക്ക് വിശ്വസിച്ചാണ് വീണ്ടും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയത്. പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ മുറിവുണങ്ങും മുമ്പേ ഏക ജീവിതമാർഗമായ വർക്ക് ഷോപ്പ് പൊളിച്ചു മാറ്റാനൊരുങ്ങുകയാണ് സുഗതന്റെ കുടുംബം.
ചെലവായത്: 8 ലക്ഷം
വസ്തു കരം: 9,700 രൂപ
നികുതി: 20,000 രൂപ
''
വർക്ക് ഷോപ്പ് പണിതിരിക്കുന്നത് കേസ് നിലനിൽക്കുന്ന വസ്തുവിലാണ്. ഡേറ്റാ ബാങ്ക് നിയമപ്രകാരം രേഖകൾ ഹാജരാക്കിയാൽ ലൈസൻസ് നൽകും. അതില്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കും. പഞ്ചായത്ത് കരം അടയ്ക്കാൻ രസീത് നൽകി. അടച്ചില്ലെങ്കിൽ ജപ്തി നടപടികളുമായി മുന്നോട്ട് പോകും.
അജി മോഹൻ,
പഞ്ചായത്ത് പ്രസിഡന്റ്
''
നേരത്തെ മുഖ്യമന്ത്രിയടക്കമുള്ളവരുടെ ചർച്ചയിൽ ലൈസൻസ് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പിൽ സി.പി.എം നേതാക്കളുടെ സാന്നിദ്ധ്യത്തിൽ 9,000 രൂപ അടച്ചിരുന്നു. ഇപ്പോൾ വീണ്ടും 21,000 രൂപ അടയ്ക്കണമെന്നും ലൈസൻസ് തരാനാകില്ലെന്നുമാണ് സെക്രട്ടറി പറയുന്നത്.
സുനിൽ
(സുഗതന്റെ മകൻ)