കൊല്ലം: കുണ്ടറ താലൂക്ക് ആശുപത്രിയിൽ 77 കോടി രൂപയുടെ നവീകരണം മുമ്പ് നിശ്ചയിച്ചതിനേക്കാൾ വേഗത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ അറിയിച്ചു. ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങളുടെ വീഡിയോ നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2021 ഡിസംബറിൽ ആശുപത്രി നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടതെങ്കിലും ഈ മന്ത്രിസഭയുടെ കാലത്ത് തന്നെ നിർമ്മാണം പൂർത്തീകരിക്കത്തക്ക രീതിയിൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, മറ്റ് വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയും സംയോജിത പ്രവർത്തനങ്ങളിലൂടെയുമാണ് ലോകത്തിന് തന്നെ ഭീഷണിയായ മഹാമാരിയായ കൊവിഡിനെ പിടിച്ചുനിറുത്താനും പ്രതിരോധിക്കാനും കഴിഞ്ഞതെന്ന് ആശുപത്രി നവീകരണ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം ജൂലിയറ്റ് നെൽസൺ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബു, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജൻ, കയർഫെഡ് ബോർഡ് മെമ്പർ എസ്.എൽ. സജികുമാർ, മുൻ ബ്ലോക്ക് പ്രസിഡന്റ് സി. സന്തോഷ്, ബി. ശോഭ, അനിത കെ. കുമാർ, പ്ലാവറ ജോൺ ഫിലിപ്പ് എന്നിവർ വീഡിയോ കോൺഫറൻസിലൂടെയുള്ള ചടങ്ങിൽ പങ്കെടുത്തു.
7 നിലകളിൽ ഒരുങ്ങും മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി
7199 ചതുരശ്ര അടി വിസ്തീർണം
77 കോടി രൂപ
എല്ലാ ചികിത്സാ വിഭാഗങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഏഴ് നിലകളുള്ള ആശുപത്രി സമുച്ചയത്തിനാണ് കുണ്ടറ താലൂക്ക് ആശുപത്രിയിൽ രൂപം നൽകുന്നത്. 13 സ്പെഷ്യാലിറ്റി ഒ.പി ഒരുമിച്ച് പ്രവർത്തിക്കുന്ന ആധുനിക സംവിധാനങ്ങൾ ഒത്തുചേരുന്ന ആശുപത്രിക്കുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ട്രോമാ കെയർ സെന്റർ
ഏഴ് നിലകളിലായി 13 സ്പെഷ്യാലിറ്റി ഒ.പി
രണ്ട് ഓപ്പറേഷൻ തീയറ്റർ
ഒരു മെഡിക്കൽ ഐ.സിയു
ഒരു സർജിക്കൽ ഐ.സി.യു
109 അധിക കിടക്കകൾ
കാഷ്വാലിറ്റി പാലിയേറ്റീവ് യൂണിറ്റുകൾ,
ഡയാലിസിസിനുള്ള പ്രത്യേക സംവിധാനം
മോർച്ചറി
സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്
വിശാലമായ പാർക്കിംഗ് സൗകര്യം