കരുനാഗപ്പള്ളി : ലഹരി വിരുദ്ധ ബോധവത്കരണ തെരുവ് നാടകം അവതരിപ്പിച്ച് കുട്ടി പൊലീസ്. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റാണ് " ജീവിതമാണ് ലഹരി " എന്ന ഓൺലൈൻ തെരുവുനാടകം ഒരുക്കിയത്. രണ്ടു പെൺകുട്ടികൾ ഉൾപ്പടെ 10 പേരടങ്ങിയ സംഘം അവതരിപ്പിക്കുന്ന നാല് മിനിട്ട് ദൈർഘ്യമുള്ള തെരുവുനാടകമാണ് ശ്രദ്ധ നേടിയത്. സ്കൂളിലെ എസ്.പി.സി കോ-ഓർഡിനേറ്ററും അദ്ധ്യാപികയുമായ ജി. ശ്രീലതയാണ് നാടകം തയ്യാറാക്കിയത്. കൊവിഡ് കാലത്ത് സാമൂഹിക അകലം ഉൾപ്പെടെ പാലിച്ചുകൊണ്ടാണ് നാടകം അവതരിപ്പിച്ചത്. കഴിഞ്ഞവർഷം ഇതേ നാടകം സബ് ജില്ലയിലെ വിവിധ സ്കൂളുകളിലും തെരുവുകളിലും കുട്ടി പൊലീസ് സംഘം അവതരിപ്പിച്ചിരുന്നു.