# മിക്ക സർക്കാർ ഓഫീസിനും സ്വന്തമായി കെട്ടിടമില്ല
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ ഭൂരിഭാഗം സർക്കാർ ഓഫീസുകൾക്കും സ്വന്തമായി കെട്ടിടമില്ല. താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിലെ ബഹുഭൂരിപക്ഷം സർക്കാർ ഓഫീസുകളും വാടക കെട്ടിടങ്ങളിലാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. മാറി മാറി വരുന്ന ഇടത്-വലത് സർക്കാരുകളുടെ വിവിധ ബഡ്ജറ്റുകളിൽ കുന്നത്തൂർ താലൂക്കിലെ സർക്കാർ ഓഫീസുകൾക്ക് കെട്ടിടം നിർമ്മിക്കുമെന്ന് വാഗ്ദാനം നൽകാറുണ്ടെങ്കിലും എല്ലാം കടലാസുകളിലൊതുങ്ങുകയാണെന്നാണ് ആക്ഷേപം. താലൂക്കിലെ വിവിധ ഓഫീസുകൾക്കായി ഒരു മാസം ലക്ഷങ്ങൾ ചെലവിടുമ്പോഴും നിർമ്മാണം പൂർത്തിയായ മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം നില ഉദ്ഘാടനം ചെയ്യാതെ നശിക്കുകയാണ്.
താലൂക്കിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ ഓഫീസുകൾ
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്
സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ്
ലേബർ ഓഫീസ്
ജിയോളജി ഓഫീസ്
ആർ.ടി ഓഫീസ്
ലീഗൽ മെട്രോളജി ഓഫീസ്
കശുഅണ്ടി തൊഴിലാളി ക്ഷേമനിധി ഓഫീസ്
ഫയർഫോഴ്‌സ് ഒാഫീസ്
എക്‌സൈസ് ഓഫീസ്
കെ.എസ്.ഇ.ബി ഓഫീസ്
കെ.ഐ.പി സബ് ഓഫീസ്
നിർമ്മാണം പൂർത്തിയായിട്ടും ഉപയോഗിക്കാത്ത സർക്കാർ കെട്ടിടങ്ങൾ
ഭരണിക്കാവിലെ അംബേദ്ക്കർ സ്മാരക കമ്മ്യൂണിറ്റി ഹാൾ
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനായി നിർമ്മിച്ച കെട്ടിടം
ശാസ്താംകോട്ടയിലെ മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം നില
7 കോടി ചെലവിൽ റവന്യൂ ടവർ
ശാസ്താംകോട്ട ജംഗ്ഷനിലെ ജല അതോറിറ്റിയുടെ സ്ഥലത്ത് നിർമ്മിക്കുന്ന റവന്യൂ ടവറാണ് ഇനിയുള്ള ഏക പ്രതീക്ഷ. ടവറിന്റെ നിർമ്മാണത്തിനായി ജല അതോറിറ്റി സ്ഥലം റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാർ 7 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ റവന്യൂ ടവർ ഇപ്പോഴും സർക്കാർ ഫയലുകളിൽ ഒതുങ്ങുകയാണ്.