പത്തനാപുരം: അടച്ചുറപ്പുള്ള ഒരു വീടിനായി സർക്കാർ ഒാഫീസുകൾ കയറിയിറങ്ങി അർബുദ രോഗിയായ യുവതി. പിടവൂർ ബിനു ഭവനിൽ ബിന്ദുവും കുടുംബവുമാണ് വീട് എന്ന സ്വപ്നവുമായി കഴിഞ്ഞ അഞ്ച് വർഷമായി കയറിയിറങ്ങുന്നത്. ചോർന്നൊലിച്ച് ടാർപ്പാളിൻ മേഞ്ഞ് ഏത് നിമിഷവും തകർന്ന് വീഴാവുന്ന കൂരയിലാണ് ബിന്ദുവും 75 വയസ് പ്രായമുള്ള അമ്മയും മാനസിക അസ്വാസ്ഥ്യമുള്ള അനുജത്തിയും മൂന്നാം ക്ലാസുകാരിയായ മകളും കഴിയുന്നത്. എം.പി, എം.എൽ.എ, ബ്ലോക്ക് മെമ്പർ, വാർഡ് മെമ്പർ തുടങ്ങിയ ജനപ്രതിനിധികർക്കും ജില്ലാ കളക്ടർ അടക്കമുള്ളവർക്കും അപേക്ഷയും പരാതിയും നല്കിയിട്ടും ഇതുവരെ പ്രയോജനം ലഭിച്ചിട്ടില്ല. അഞ്ച് വർഷമായി അർബുദ രോഗത്തിന് ചികിത്സയിലാണ് ബിന്ദു. അർബുദ രോഗിയാണെന്നറിഞ്ഞതോടെ ഭർത്താവ് കുടുംബത്തെ ഉപേക്ഷിച്ച് പോയി. ബിന്ദുവിന്റെ അമ്മ 70 വയസുകാരിയായ ശാന്ത വീടുകളിൽ പണിക്ക് പോയാണ് കുടുംബം നോക്കിയിരുന്നത്. ഇപ്പോൾ പ്രായാധിക്യവും രോഗങ്ങളും മൂലം ജോലിക്ക് പോകാൻ കഴിയുന്നില്ല. അമ്മയുടെ വാർദ്ധക്യ പെൻഷനും നാട്ടുകാരായ ചില സുമനസുകളുടെ സഹായവും ജീവനം കാൻസർ സൊസൈറ്റിയുടെ 1500 രൂപ മാസ പെൻഷനുമാണ് ഇവരുടെ ഏക വരുമാന മാർഗം. തിരുവനന്തപുരം മെഡി. കോളേജിലാണ് ബിന്ദുവിന് അർബുദ രോഗത്തിന് ചികിത്സ. ഇതിനോടകം രണ്ട് മേജർ ഓപ്പറേഷൻ നടത്തി. മാസത്തിൽ രണ്ട് തവണ കീമോ ചെയ്യണം. ആഹാരത്തിന് പോലും ബുദ്ധിമുട്ടുന്ന ഇവർക്ക് ഭാരിച്ച ചെലവുകൾ താങ്ങാനാവാത്ത അവസ്ഥയാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇവർക്ക് ബി.പി.എൽ കാർഡും സ്വന്തമായി നാല് സെന്റ് ഭൂമിയുമുണ്ട്. പ്രദേശത്ത് സ്വന്തമായി ഭൂമിയില്ലാത്തവർക്കും അനർഹരായവർക്കും വീടും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിട്ടും ഈ കുടുംബത്തിന്റെ ദുരവസ്ഥ കാണാൻ അധികൃതർക്ക് കഴിയുന്നില്ല. സുമനസുകളുടെ സഹായം ലഭിക്കുന്നതിനായി ബിന്ദുവിന്റെ പേരിൽ പിടവൂർ കാനറാ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
സി.കെ. ബിന്ദു
കാനറാ ബാങ്ക് അക്കൗണ്ട് നമ്പർ: 1037119016435
ഐ.എഫ്.എസ്.സി കോഡ് : CNRB0001037