01

ഏരൂർ: കർണാടകയിൽ നിന്നെത്തിയ യുവാക്കളെ ക്വാറന്റൈൻ ചെയ്യാൻ വീട്ടിലെത്തിച്ച ആംബുലൻസ് ഡ്രൈവറെ നാട്ടുകാർ മർദ്ദിച്ചതായി പരാതി. കൊട്ടാരക്കര നെടുവത്തൂർ അയത്തൂർ സ്വദേശി ഉണ്ണിക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഏരൂർ മണലിപ്പച്ച സ്വദേശിയായ യുവാവും സുഹൃത്തായ കുളത്തൂപ്പുഴ സ്വദേശിയുമാണ് കൊട്ടാരക്കര തഹസീൽദാരുടെ നിർദ്ദേശപ്രകാരം ഹോം ക്വാറന്റൈനിൽ കഴിയാൻ മണലിപ്പച്ച എൽ.പി.എസിന് സമീപം എത്തിയത്. എന്നാൽ കുളത്തൂപ്പുഴ സ്വദേശിയെ അവിടെ കഴിയാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രദേശവാസികളിൽ ചിലർ രംഗത്തെത്തി ആംബുലൻസ് ഡ്രൈവർ ഉണ്ണിയെ കൈയേറ്റം ചെയ്തത്. ഏരൂർ എസ്.എച്ച്.ഒ സുഭാഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം യുവാക്കളെ മണലിപ്പച്ചയിലെ വീട്ടിൽ ക്വാറന്റൈനിൽ കഴിയാനുള്ള സൗകര്യം ഒരുക്കി. ഡ്രൈവറുടെ പരാതിയിൽ മണലിപ്പച്ച സ്വദേശിയായ അനീഷ് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.