പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
കുണ്ടറ: 'തൊഴിൽ അല്ലെങ്കിൽ മരണം' എന്ന മുദ്രാവാക്യവുമായി യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ വസതിയിലേക്ക് പി.എസ്.സി ജോബ് മാർച്ച് നടത്തി. രാവിലെ 11ന് മാമൂട് സത്യൻ സ്മാരക ക്ലബിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് കേരളപുരം റെയിൽവേ ഗേറ്റിന് സമീപം പൊലീസ് ബാരിക്കേഡുകൾ നിരത്തി തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി ഉപയോഗിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. തുടർന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, ജനറൽ സെക്രട്ടറി അഖിൽ, ബി.ജെ.പി കുണ്ടറ മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ്, യുവമോർച്ച വൈസ് പ്രസിഡന്റ് ധനീഷ് പെരുമ്പുഴ, മണ്ഡലം പ്രസിഡന്റ് സനൽ മുകളുവിള എന്നിവർ പങ്കെടുത്തു.