കൊല്ലം: റേസിംഗ് ബൈക്കുകളുമായി രാത്രി റോഡിൽ തീപ്പൊരി ചിതറിച്ച് അഭ്യാസ പ്രകടനം നടത്തിയ രണ്ട് യുവാക്കളെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് റേസിംഗ് ബൈക്കുകളും പിടിച്ചെടുത്തു. പട്ടത്താനം സ്വദേശികളായ ജിത്തു (20), നിതിൻ (20) എന്നിവരാണ് അറസ്റ്റിലായത്. ചെമ്മാംമുക്ക്- കടപ്പാക്കട റോഡിലാണ് പതിവായി രാത്രി എട്ട് മുതൽ പത്തുവരെ അഭ്യാസ പ്രകടനം നടത്തുന്നത്. മറ്റു വാഹനങ്ങൾക്ക് മുന്നിൽ അപ്രതീക്ഷിതമായി എത്തി തീപ്പൊരി ചിതറിക്കുന്നതും മുൻവശം ഉയർത്തി ഒറ്റ ചക്രത്തിൽ ബൈക്കോടിക്കുന്നതുമാണ് ഇവരുടെ ഫ്രീക്കൻ രീതി. ഇതുകണ്ട് ഭയന്ന് വാഹനം ഒതുക്കുന്നതിനിടെ അപകടത്തിൽപ്പെട്ട സാധാരണക്കാരും ധാരാളമാണ്. കർബല റോഡിൽ രാപകൽ ഭേദമില്ലാതെയും അഭ്യാസ പ്രകടനങ്ങൾ പതിവാണ്. പരാതികൾ വർദ്ധിച്ചതിനാൽ ശക്തമായ പരിശോധന തുടരാനാണ് പൊലീസ് തീരുമാനം.