രണ്ടുപേർ പൊലീസ് പിടിയിൽ
ഇരവിപുരം: പുന്തലത്താഴം ബീവറേജസ് കോർപ്പറേഷൻ മദ്യവില്പനശാലയിലെ സെക്യൂരിറ്റി ജീവനക്കാരനെ മദ്യക്കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായി. വടക്കേവിള മുള്ളുവിള ഗോവിന്ദഴികം വീട്ടിൽ അനിൽകുമാറിനാണ് (48) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
സംഭവുമായി ബന്ധപ്പെട്ട് പുന്തലത്താഴം മംഗലത്ത് നഗർ പുത്തൻവീട്ടിൽ 'ഒരുമോൻ സന്തോഷ്' എന്നറിയപ്പെടുന്ന സന്തോഷ് (48), പുന്തലത്താഴം കന്നിമേൽ കിഴക്കേതിൽ നമ്പിശ്ശേരി വീട്ടിൽ 'പള്ളോടം സന്തോഷ്' എന്നറിയപ്പെടുന്ന സന്തോഷ് (43) എന്നിവരാണ് പിടിയിലായത്. അനിൽകുമാർ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെ പ്രതികൾ പുന്തലത്താഴം ബീവറേജിൽ ബെവ്ക്യൂ ആപ്പ് ടോക്കൺ ഇല്ലാതെ എത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി അകത്തുകയറി മറ്റൊരാളുടെ ടോക്കൺ ഉപയോഗിച്ച് മദ്യം വാങ്ങി പോവുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടുമെത്തിയ പ്രതികൾ അതിക്രമിച്ച് അകത്തുകടക്കാൻ ശ്രമിച്ചതോടെ സെക്യൂരിറ്റി ജീവനക്കാർ ഇവരെ തടഞ്ഞു. ഇതിന്റെ വൈരാഗ്യത്തിൽ ഒരുമോൻ സന്തോഷ് കൈവശമുണ്ടായിരുന്ന മദ്യക്കുപ്പി കൊണ്ട് അനിൽകുമാറിനെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ വ്യാപകമാക്കിയിരുന്നു. കൊല്ലം അസി. കമ്മിഷണർ പ്രദീപ് കുമാറിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം ഉടനടി രൂപീകരിക്കുകയും ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐമാരായ എ.പി. അനീഷ് ദീപു, എ.എസ്.ഐമാരായ സുതൻ, ജയകുമാർ, മറ്റ് ഉദ്യോഗസ്ഥരായ ഷിബു ജെ. പീറ്റർ, ദിനേശ് കുമാർ, ഷാജി, സാബിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.