karthika

ഇത്തവണ വന്ന കറണ്ട് ബില്ലിലെ തുക കണ്ട് ഞെട്ടിയിരിക്കുകയാണ് നടി കാർത്തിക നായർ.കാർത്തികയ്ക്ക് വന്ന ബിൽ തുക കേട്ടാൽ ആർക്കും ഷോക്ക് ആവും. ഒരു ലക്ഷത്തോളം രൂപയാണ് താരത്തിന്റെ വൈദ്യുതി ബിൽ. ബിൽതുക കണ്ട പാടെ തനിക്കുണ്ടായ ഞെട്ടൽ കാർത്തിക ഒരു ട്വീറ്റിൽ പ്രകടിപ്പിച്ചു.

മുംബയിലെ വീട്ടിലേക്ക് വന്ന അദാനി ഇലക്ട്രിസിറ്റി മുംബയുടെ ബില്ലിലാണ് ഭീമമായ തുക ഉണ്ടായിരുന്നത്. ഹോട്ടൽ ബില്ലിൽ അല്ല, സ്വന്തം വീട്ടിലേക്കാണ് ഇത് വന്നതെന്നും കാർത്തിക പറയുന്നു. മീറ്റർ റീഡിങ് എടുക്കാതെയാണ് ബിൽ നൽകിയതെന്ന് കാർത്തിക പരാതിപ്പെടുന്നു . സിനിമയിൽ നിന്നും ബിസിനസിലേക്ക് തിരിഞ്ഞ കാർത്തിക ഇപ്പോൾ പ്രമുഖ ഹോട്ടൽ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടറാണ്.

കാർത്തികയുടെ ട്വീറ്റിന് അദാനി ഇലക്ട്രിസിറ്റി മറുപടി നൽകുന്നുണ്ട്. അക്കൗണ്ട് നമ്പറും കോൺടാക്ട് വിവരങ്ങളും തങ്ങൾക്ക് കൈമാറാൻ ഇവർ റിപ്ലൈ ട്വീറ്റിൽ പറയുന്നു. ഇത്രയും തുക വന്നത് പരിശോധിക്കാമെന്നുള്ള ഉറപ്പുമുണ്ട്. മുൻകാല നടി രാധയുടെ മകളായ കാർത്തിക മലയാളത്തിൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സംവിധായകൻ സന്തോഷ് ശിവനായിരുന്നു ഇതിലെ നായകൻ. ശേഷം 'കമ്മത്ത് ആൻഡ് കമ്മത്ത്' സിനിമയിലും നായികാ വേഷം ചെയ്തു. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിരുന്നപ്പോഴാണ് കാർത്തിക വ്യവസായ രംഗത്തേക്ക് തിരിഞ്ഞത്.