cambodia

കംബോഡിയ...എന്ന് കേൾക്കുമ്പോൾ തന്നെ സഞ്ചാരികൾക്ക് ഒന്ന് യാത്രപോകാൻ തോന്നും. അതിപുരാതനങ്ങളായ ക്ഷേത്രങ്ങളും, നിഗൂഢത നിറഞ്ഞ കഥകളും കംബോഡിയയുടെ പ്രത്യേകതയാണ്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മറ്റേത് രാജ്യങ്ങളെയും പോലെ തന്നെ കംബോഡിയയും പ്രതിസന്ധിയിലായിരുന്നു. തിരിച്ചു വരവിന്റെ പാതയിലാണ് ഇന്ന് കംബോഡിയ.

ആവശ്യമായ മുൻകരുതലുകളോടു കൂടിയാണ് കംബോഡിയ ഇപ്പോൾ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. കംബോഡിയ സന്ദർശിക്കാൻ പോയാൽ പോകുന്നവരുടെ പോക്കറ്റ് കീറും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ ഉള്ള രാജ്യമായതിനാൽ വലിയ മുന്നൊരുക്കങ്ങളും ചിലവുകളുമില്ലാതെ ഇവിടം സന്ദർശിക്കാമായിരുന്നു.

എന്നാൽ കൊവിഡ് വ്യാപിച്ചതോടെ ഇവിടെ എത്തുന്നവർക്ക് 'കൊറോണ വൈറസ് ഡെപ്പോസിറ്റ്' എന്ന പേരിൽ 3000 ഡോളർ തുകയാണ് സഞ്ചാരികൾ കംബോഡിയ വിമാനത്താവളത്തിൽ നിന്നും ഇറങ്ങുമ്പോളേക്കും കെട്ടിവയ്ക്കേണ്ടത്. മൂവായിരം ഡോളർ എയർ പോർട്ടിൽ അട‌ച്ചാൽ മാത്രം പോര. ഈ തുക പണമായോ ക്രെഡിറ്റ് കാർഡ് വഴിയോ അടയ്ക്കുവാൻ സാധിക്കും. പണം അടച്ച ഉടനേ പോകുന്നത് കൊവിഡ്-19 ടെസ്റ്റ് ചെയ്യാനാണ്. അത് വെറുതേയല്ല, അഞ്ച് ഡോളറാണ് എയർപോർട്ടിൽ നിന്നും ‌‌‌ടെസ്റ്റിങ് സെന്ററിലേക്കുള്ള ചാർജ് ആയി ഈടാക്കുന്നത്. ഇത് ആദ്യം അ‌‌ടച്ച സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്നും കിഴിക്കും. കൊവിഡ് ടെസ്റ്റ് ചെയ്യുന്നതിന് യാത്രക്കാരിൽ നിന്നും 100 ഡോളർ വീതം ഈ‌ടാക്കും.

ടെസ്റ്റ് റിസൽട്ട് വരുന്നതു വരെ അധികൃതർ തയ്യാറാക്കിയ വെയിറ്റിങ് സെന്ററുകളിലോ, ഹോട്ടലുകളിലോ ആണ് താമസിക്കേണ്ടത്. ഇതിനായി ഒരാളിൽ നിന്നും ഒരു ദിവസത്തേയ്ക്ക് മാത്രം ഈടാക്കുന്നത് 30 ഡോളറാണ്. ‌‌കൊവിഡ് ടെസ്റ്റിൽ ഫലം പോസിറ്റീവ് ആയാൽ കൂടുതൽ ടെസ്റ്റുകളും, പരിധോധനകളും വേറെയും വേണ്ടി വരും. 100 ഡോളർ വീതമുള്ള നാല് ടെസ്റ്റുകളാണ് അതിൽ പ്രധാനം. ഇത് കൂടാതെ ചികിത്സാ ചിലവിനായി 3150 ഡോളർ കൂടി വെറെയും അടയ്ക്കണമെന്നാണ് രാജ്യം പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നത്. രോഗത്തെത്തുടര്‍ന്ന് യാത്രികൻ മരിക്കുകയാണെങ്കിൽ ശവസംസ്കാരത്തിനുള്ള ചിലവ് കൂടി തുകയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശവസംസ്കാരത്തിനു മാത്രമായി 1500 ഡോളറാണ് യാത്രികൻ അടയ്ക്കേണ്ടത്. ഇതു കൂടാതെ 50,000 യുഎസ് ഡോളർ തുകയുടെ മെഡിക്കൽ ഇൻഷുറൻസ് പോളിസിയും യാത്രക്കാരനുണ്ടായിരിക്കണം.