photo

കൊല്ലം: വെള്ളിത്തിരയിൽ തിളങ്ങുന്നതിനിടെ കസ്തൂർബ ഏംഗൽസിന് പഠനത്തിലും എ പ്ളസ് വിജയം. ചാത്തന്നൂർ ഗവ.എച്ച്.എസ്.എസിലെ പത്താംക്ളാസ് വിദ്യാർത്ഥിനിയായ കസ്തൂർബ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയാണ് പത്താംക്ളാസ് പരീക്ഷയിലും മിന്നിയത്. സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രമായ 'കൊച്ചൗവോ പൗലോ അയ്യപ്പ കൊയ്ലോ' എന്ന ചിത്രത്തിലൂടെയാണ് കസ്തൂർബ മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. ഗ്രാന്റ് മാസ്റ്റർ ജി.എസ്. പ്രദീപ് സംവിധാനം ചെയ്ത 'സ്വർണ മത്സ്യങ്ങൾ' എന്ന ചിത്രത്തിലെ പ്രധാനവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പന്ത്, സ്പർശം എന്നിവയ്ക്ക് ശേഷം ബിജുമേനോനൊപ്പം മറ്റൊരു പടത്തിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. കുട്ടികളിലൂടെ കുടുംബ ബന്ധങ്ങളുടെ കഥപറയുന്നതായിരുന്നു "സ്വർണ മത്സ്യങ്ങൾ". വേനലവധിക്കാലം അടിച്ചുപൊളിക്കുന്ന നാല് പെൺകുട്ടികളാണ് പ്രധാന കഥാപാത്രങ്ങൾ. ബാല്യത്തിന്റെ ആർപ്പുവിളികളും വിഷമങ്ങളും ആഘോഷങ്ങളും പ്രമേയമാക്കുന്ന ചിത്രത്തിലെ നാല് പെൺകുട്ടികളിൽ ഒരാളായ ആശയായി അഭിനയിച്ചപ്പോൾ തന്നെ കസ്തൂർബ സ്കൂളിലെ താരമായി മാറിയിരുന്നു. സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റായ കസ്തൂർബ സംസ്ഥാന കലോത്സവങ്ങളിലടക്കം നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു. കലോത്സവങ്ങളുടെ ഗ്രേസ് മാർക്ക് പരിഗണിക്കാതെ തന്നെ എല്ലാ വിഷയത്തിനും എ പ്ളസ് കിട്ടിയ സന്തോഷത്തിലാണ് കസ്തൂർബ. ചെമ്പരത്തി ക്രിയേഷൻസ് എന്ന നാടൻപാട്ട് സംഘം നടത്തിവരുന്ന ചാത്തന്നൂർ ഇടനാട് ലെനിൻ സദനത്തിൽ സി.വി. എംഗൽസിന്റെയും ഷീബ എംഗൽസിന്റെയും മകളാണ്.