leaf

 കേരളാ കോൺഗ്രസ് പ്രതിസന്ധി ജില്ലയിലും

കൊല്ലം: കേരളാ കോൺഗ്രസിലെ പ്രതിസന്ധിക്കിടെ ജില്ലയിലെ ജോസ്.കെ. മാണി വിഭാഗവും ജോസഫ് അനുകൂല വിഭാഗവും തങ്ങൾക്കൊപ്പമാണ് പ്രവർത്തകരും ഭാരവാഹികളുമെന്ന അവകാശവാദവുമായി രംഗത്തെത്തി. ഇരുവിഭാഗങ്ങളും നേരത്തെ സമാന്തര കമ്മിറ്റികളായാണ് പ്രവർത്തനമെങ്കിലും ജോസ്.കെ. മാണി വിഭാഗം യു.ഡി.എഫിൽ നിന്ന് പുറത്തായതോടെ ജോസഫ് ഗ്രൂപ്പിൽ നിൽക്കണോ ജോസ്.കെ. മാണിക്കൊപ്പം പോകണോയെന്ന ആശങ്കയിലാണ് പ്രവർത്തകരിലും ഭാരവാഹികളിലും ഏറെയും. ജോസ്.കെ. മാണി വിഭാഗത്തിലെ പല നേതാക്കളും വർഷങ്ങളായി യു.ഡി.എഫുമായി സഹകരിച്ച് നിൽക്കുന്നവരാണ്. അവരിൽ നല്ലൊരു ശതമാനത്തിനും യു.ഡി.എഫ് വിടുന്നതിനോട് യോജിപ്പില്ല. ഈ വികാരം ഉള്ളിൽ സൂക്ഷിക്കുന്നവർ ജോസഫ് ഗ്രൂപ്പിലേക്ക് എത്തിയേക്കുമെന്ന സൂചനയുമുണ്ട്. ജോസഫ് വിഭാഗവും ആ പ്രതീക്ഷയിലാണ്.
കെ.എം. മാണി ഉള്ളപ്പോൾ കൊല്ലത്ത് നിന്ന് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും ജോസഫിനൊപ്പമാണ്. സംസ്ഥാന സമിതിയിൽ ഭൂരിഭാഗം പേരും തങ്ങൾക്കൊപ്പമാണെന്ന് ഇരുപക്ഷവും അവകാശപ്പെടുന്നു. ജോസഫ് വിഭാഗത്തിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ് അറയ്ക്കൽ ബാലകൃഷ്ണ പിള്ളയും ജോസ്. കെ. മാണി വിഭാഗത്തിന്റേത് വഴുതാനത്ത് ബാലചന്ദ്രനുമാണ്.
11 നിയോജക മണ്ഡലം പ്രസിഡന്റുമാരിൽ എട്ടുപേരും തങ്ങൾക്കൊപ്പമെന്നാണ് ജോസ്.കെ. മാണി വിഭാഗം അവകാശപ്പെടുന്നത്. ഇത് തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത പട്ടികയിൽ കാണാമെന്നും അവർ പറയുന്നു. എന്നാൽ നിയോജക മണ്ഡലം പ്രസിഡന്റുമാരിൽ ആറുപേർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് അറയ്ക്കൽ ബാലകൃഷ്ണ പിള്ളയുടെയും കൂട്ടരുടെയും അവകാശവാദം. പഴയ സംസ്ഥാന കമ്മിറ്റികളിൽ ഭൂരിഭാഗവും തങ്ങൾക്കൊപ്പമെന്ന ജോസഫ് പക്ഷത്തിന്റെ വാദത്തെ ചിരിച്ചു തള്ളുകയാണ് മറുപക്ഷം. മൂന്നോ നാലോ പഴയ സംസ്ഥാന കമ്മിറ്റിയംഗങ്ങളല്ലാതെ ആരും ജോസഫ് വിഭാഗത്തിനൊപ്പം പോയിട്ടില്ലെന്ന് വഴുതാനത്ത് ബാലചന്ദ്രൻ പറയുമ്പോൾ അതല്ല ഏറ്റവും കൂടുതൽ സംസ്ഥാന സമിതിയംഗങ്ങൾ കൊല്ലം ജില്ലയിലുള്ളത് ജോസഫ് പക്ഷത്താണെന്ന് അറയ്ക്കൽ ബാലകൃഷ്ണ പിള്ളയും അവകാശവാദമുന്നയിക്കുന്നു.