കൊല്ലം: കഴിഞ്ഞ ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ച ആലപ്പുഴ കായംകുളം സ്വദേശി ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലം മെഡിസിറ്റി ആശുപത്രിയിലെ 55 ഓളം ജീവനക്കാർ നിരീക്ഷണത്തിൽ പ്രവേശിച്ചു. ഒൻപത് ഡോക്ടർമാരും 30 നഴ്സുമാരും 16 ശുചീകരണ തൊഴിലാളികളുമാണ് നിരീക്ഷണത്തിലായത്.
ഈമാസം 23നാണ് കായംകുളംകാരനായ 65 കാരനെ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്.
ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് ചികിത്സയിലായിരുന്നു. ഇതിനിടെ ന്യൂമോണിയ ബാധിച്ചപ്പോൾ നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫലം വന്ന 28ന് രാത്രിയാണ് രോഗിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചത്. അദ്ദേഹത്തിന്റെ നില അല്പം ഗുരുതരമാണ്. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ റെസ്പിറേറ്ററി ഐ.സി.യുവിലാണ്. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്ലാസ്മാ സർജറിക്കൊപ്പം ജീവൻ രക്ഷാമരുന്നായ ടോസിലിസുമാബും കഴിഞ്ഞ ദിവസം നൽകിയിരുന്നു.
നിരീക്ഷണത്തിൽ പ്രവേശിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും പരിചരിച്ച രോഗികളെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിൽ പ്രവേശിപ്പിക്കാനുള്ള നടപടികളും ആരോഗ്യവകുപ്പ് ആരംഭിച്ചു.