bridge

കൊല്ലം: കൊല്ലം എസ്.എൻ കോളേജ് ജംഗ്‌ഷനിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കാൻ കിഫ്ബിയിൽ നിന്ന് 44.66 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസം ചേർന്ന കിഫ്‌ബി ഡയറക്ടർ ബോർഡ് യോഗമാണ് തുക അനുവദിക്കാനുള്ള തീരുമാനമെടുത്തത്.

പദ്ധതിക്ക് സംസ്ഥാന സർക്കാർ നേരത്തെ റെയിൽവേ അനുമതി നേടിയിരുന്നു. ഇതേതുടർന്ന് പൊതുമേഖലാ സ്ഥാപനമായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ തയ്യാറാക്കിയ ഡി.പി.ആറിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.

പാലം നിർമ്മാണത്തിനും സ്ഥലമേറ്റെടുപ്പിനുമായാണ് 44.66 കോടി. മേല്പാലം ദേശീയപാതയ്ക്ക് കുറുകെ കടന്നുപോകുന്നതിനാൽ കേന്ദ്ര ദേശീയപാത മന്ത്രാലയത്തിന്റെ അനുമതി കൂടി ആവശ്യമുണ്ട്. ഇതിന് കാര്യമായ കാലതാമസമോ തടസങ്ങളോ ഉണ്ടാകില്ല. ഇതിനൊപ്പം തന്നെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കും.

 ദുരിതത്തിന് അറുതി

എസ്.എൻ കോളേജ് ജംഗ്ഷനിൽ മേല്പാലം വരുന്നതോടെ റെയിൽവേ ലൈൻ മുറിച്ചുകടക്കാൻ ആയിരങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമാകും. ഇവിടെ മേല്പാലം നിർമ്മിക്കാനുള്ള പദ്ധതിക്ക് ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. പോളയത്തോട്, കൂട്ടിക്കട എന്നിവിടങ്ങളിലെ റെയിൽവേ മേൽപ്പാലത്തിനുള്ള ഡി.പി.ആറും കിഫ്ബിയുടെ പരിഗണനയിലാണ്.

''എസ്.എൻ കോളേജ് ജംഗ്ഷനിൽ മേല്പാലം യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിന്റെ ചിരകാല സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം നിർമ്മാണ പ്രവർത്തങ്ങൾ തുടങ്ങും."

എം. നൗഷാദ് എം.എൽ.എ