01

ചവറ: അമ്മയുടെ കരളിൽ പകുതി ഏറ്റുവാങ്ങാൻ കാത്തുനിൽക്കാതെ വിടപറഞ്ഞ മകൾക്ക് എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ ഫുൾ എ പ്ലസ്. പൊന്നുമോൾ ഇല്ലെന്ന സങ്കടം അമ്മയ്ക്കും അനുജത്തിമാർക്കും തീരാദുഃഖമായി.

ചവറ കുളങ്ങരഭാഗം 'ദേവികൃപ'യിൽ പരേതനായ വേലായുധൻ പിള്ളയുടെയും കൊടുമൺ ഗ്രാമപഞ്ചായത്ത്‌ സീനിയർ ക്ലാർക്ക് ബിന്ദുവിന്റെയും മൂത്ത മകൾ കൃതിക.വി. പിള്ളയാണ് വിജയമധുരം നുണയാൻ കാക്കാതെ പത്തുദിവസം മുമ്പ് കരൾ രോഗം മൂർച്ഛിച്ച് നിര്യാതയായത്.

കൊറ്റൻ കുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. കരൾ മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴേ അതു നൽകാൻ അമ്മ ബിന്ദു സന്നദ്ധയായി.

ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ച ദിവസമാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി കൃതിക യാത്രയായത്. നൃത്തം, ചിത്രകല എന്നിവയിലും മിടുക്കിയായിരുന്നു. 8 -ാം ക്ലാസ്‌ വിദ്യാർത്ഥിനി കീർത്തന.വി. പിള്ള, രണ്ടാം ക്ളാസ് വിദ്യാർത്ഥിനി കൃപ.വി. പിള്ള എന്നിവരാണ് സഹോദരിമാർ.