കൊല്ലം: തൊട്ടതിനൊക്കെ കമ്മിഷൻ വാങ്ങുന്ന സർക്കാരാണ് പിണറായി വിജയന്റേതെന്നും കേരളത്തിൽ ഇപ്പോഴും രാജഭരണമെന്നാണ് മുഖ്യമന്ത്രിയുടെ വിചാരമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊല്ലം കോർപ്പറേഷൻ അഴിമതിക്കെതിരെ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ നടത്തിയ ഒൻപത് മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരും തന്നെ കുറ്റം പറയാൻ പാടില്ലെന്നാണ് പിണറായി വിജയൻ പറയുന്നത്. താനത് പറയുന്നത് കൊണ്ടാണ് തന്നോട് രോഷം കാണിക്കുന്നത്. ഈയടുത്ത് നടന്ന സർക്കാരിന്റെ തീരുമാനങ്ങൾ കമ്മിഷൻ വാങ്ങുന്നുവെന്നതിന് വ്യക്തമായ തെളിവാണ്. അമേരിക്കൻ കമ്പനിയായ സ്‌പ്രിങ്ക്‌ളറിന് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കൈമാറിയതിന് പിന്നിൽ വലിയ അഴിമതി നടത്താനാണ് സർക്കാർ ലക്ഷ്യമിട്ടത്. ബെവ്കോ ആപ്പിന്റെ മറവിലും പമ്പയിൽ നിന്ന് മണൽ കടത്താനുള്ള ശ്രമങ്ങളുടെ പിന്നിലും മുഖ്യമന്ത്രി വലിയ അഴിമതിയാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേഷൻ അഴിമതികൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ സംസാരിച്ചത്. വെെകിട്ട് കെ.പി.സി.സി വെെസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് നാരങ്ങാ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു. നേതാക്കളായ ഡോ. ശൂരനാട് രാജശേഖരൻ, പഴകുളം മധു, എൻ. പീതാംബരക്കുറുപ്പ്, ജി. പ്രതാവവർമ്മ തമ്പാൻ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എ. ഷാനവാസ് ഖാൻ, ജി. രതികുമാർ, എഴുകോൺ നാരായണൻ, ഷിബു ബേബി ജോൺ, കെ. സുരേഷ് ബാബു, കെ.സി. രാജൻ തുടങ്ങിയവർ സംസാരിച്ചു.