തൃശൂർ:മനസ് മരുഭൂമിയാക്കി അതിൽ കോൺക്രീറ്റ് വനങ്ങൾ കെട്ടിപ്പടുക്കുന്ന ഭൂമാഫിയ പിടിമുറുക്കും മുമ്പേ ഒരു സൗഹൃദസംഘം പിരിവെടുത്തു വാങ്ങിയ ഭൂമിയാണിത്. 36 പേർ 5,000 രൂപ വീതം എടുത്തു വാങ്ങിയ 34.5 സെന്റ്. ഇപ്പോൾ നിരവധി ജീവജാലങ്ങളുടെ നിത്യഹരിത പറുദീസ. മനുഷ്യൻ തൊട്ട് അശുദ്ധമാക്കാത്ത കന്യാവനം.
പതിമൂന്ന് വർഷങ്ങൾക്ക് ശേഷം, ഒരു അദൃശ്യ വൈറസിലൂടെ പ്രകൃതി ലോകത്തെ പ്രഹരിക്കുമ്പോൾ, പ്രകൃതിയെ ധിക്കരിച്ച മനുഷ്യൻ മരണഭയവുമായി മുഖം മുടിയിട്ട് നടക്കുമ്പോൾ, കേൾക്കാം, ഇൗ കന്യാവനത്തിലെ കിളിപ്പാട്ട്...മനസ് മരുഭൂമിയാകാത്ത, പ്രകൃതിയെ സ്നേഹിച്ച മനുഷ്യരുടെ നന്മയുടെ സംഗീതമാണത്.
കുന്നംകുളം അഗതിയൂരിന് അടുത്തുളള നോങ്ങല്ലൂരിലെ പാമ്പുംകാവാണ് ചെറിയൊരു സ്വാഭാവിക വനമായി പന്തലിച്ചു നിൽക്കുന്നത്.
ഈ കാവ് ചുളുവിലയ്ക്ക് ഭൂമാഫിയകൾക്ക് വിൽക്കുന്നുവെന്ന് കേട്ടപ്പോൾ പരിസ്ഥിതി പ്രവർത്തകരും കലാകാരന്മാരും ആക്ടിവിസ്റ്റുകളുമെല്ലാം സംഘടിച്ച് വാങ്ങി 36 പേരുടെ പേരിൽ രജിസ്റ്റർ ചെയ്തു.
മണ്ണിൽ പിറന്ന സകല ജീവജാലങ്ങൾക്കുമായി വാങ്ങിയ കാവിൽ അവർ ഒന്നും ചെയ്തില്ല. ഒരു കൈക്കോട്ട് കൊണ്ട് കിളയ്ക്കുക പോലും ചെയ്‌തില്ല. ആ മണ്ണിൽ തനിയേ പൊടിച്ചതെല്ലാം വളർന്നു. ഒരില പോലും ആരും നുള്ളിയില്ല. ഒരു പൂവും പൊട്ടിച്ചില്ല. വളളിപ്പടർപ്പുകളായി. വന്മരങ്ങളായി. മുളങ്കൂട്ടങ്ങൾ മേലാപ്പ് വിരിച്ചു. മരങ്ങളുടെ ഇലകൾ മണ്ണോട് ചേർന്നലിയുന്നു. ചിതൽപ്പുറ്റുകൾ വളരുന്നു. ഇഴജന്തുക്കൾ വിഹരിക്കുന്നു. അണ്ണാന്മാർ മരംചാടി ചിലയ്‌ക്കുന്നു. പക്ഷികൾ കൂടുകൂട്ടി, മുട്ടയിടുന്നു. പുൽകളും പുഴുക്കളും കൂടി കുടുംബക്കാരായി. കീരി, കാട്ടുകോഴി, പാമ്പുകൾ, സൂക്ഷ്‌മ ജീവികൾ. മനുഷ്യ സ്പർശമില്ലാത്ത വിശുദ്ധവനമായി. അവിടെ പ്രകൃതി ഒരുക്കിയ ഒരു ജൈവ ആവാസ വ്യവസ്ഥ.
മനുഷ്യരെപ്പോലെ ചരാചരങ്ങൾക്കെല്ലാം ഭൂമിയിൽ അവകാശമുണ്ടെന്ന് അടിവരയിടുന്ന നിത്യഹരിതപാഠമാണിത്. ശുദ്ധമായ കാറ്റ്, കുളിർമ്മ, ജലസമൃദ്ധി...എല്ലാം അനുഭവിക്കുന്നത് ഒരു നാട് മുഴുവനുമാണ്.
ഭൂമിക്കച്ചവടം തകർത്താടിയ 2007ൽ, ഒന്നേമുക്കാൽ ലക്ഷത്തിന് ഒരാദായവും കിട്ടാത്ത പാമ്പുംകാവ് വാങ്ങിയത് മണ്ടത്തരമാണെന്ന് പറഞ്ഞവരും ഇന്ന് കാവിന്റെ മൂല്യം തിരിച്ചറിയുന്നു.
പരിസ്ഥിതി പ്രവർത്തകൻ കെ.എസ് പ്രമോദായിരുന്നു കാവ് സംരക്ഷണത്തിന്റെ മുൻനിര പോരാളി. ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദും പരിസ്ഥിതി സ്നേഹികളായ സി. രാജഗോപാലും രവീന്ദ്രൻ അക്കിക്കാവും ചലച്ചിത്ര നിരൂപകൻ ഐ. ഷൺമുഖദാസും സംഘത്തിലുണ്ടായിരുന്നു.
''കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ളവർ ഇൗ കൂട്ടായ്മയിലുണ്ടായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് സമാന മനസ്കരെ കണ്ടെത്തി ഭൂമി വാങ്ങിയത്. നാടിന്റെ പൊതു ഇടവും സൗഹൃദങ്ങളുടെ തെളിനീരുറവയും ഒാർമ്മകളിലെ പച്ചത്തുരുത്തുമാണ് ഞങ്ങൾക്ക് ഇൗ മണ്ണ്.''
കെ.എസ് പ്രമോദ്