അനുവദിച്ചത് 1.80 കോടി
തൃശൂർ: ജില്ലയിൽ ഓണത്തിന് മുൻപേ മുഴുവൻ പഞ്ചായത്തുകളിലും നഗരസഭകളിലും ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം തുടങ്ങാൻ ശ്രമം ഊർജ്ജിതം. ഹോട്ടൽ ആരംഭിക്കുന്നതിന് പ്രാരംഭ പ്രവർത്തന മൂലധനമായി 50,000 രൂപ വീതം സംരംഭക ഗ്രൂപ്പുകൾക്ക് ലഭ്യമാക്കുന്നതിനും ഊണ് ഒന്നിന് 10 രൂപ നിരക്കിൽ ഉച്ചഭക്ഷണത്തിനുള്ള സബ്‌സിഡി നൽകുന്നതിനുമായി 1.80 കോടി രൂപ ജില്ലയ്ക്ക് അനുവദിച്ചു.
പകുതിയോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയ ഹോട്ടലുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ലോക്ക് ഡൗണിൽ തിരിച്ചടി നേരിട്ടെങ്കിലും ഫണ്ട് ലഭ്യമാക്കിയും പശ്ചാത്തല സൗകര്യം ഒരുക്കിയും ജനകീയ ഹോട്ടലുകൾ ഉടൻ തുറക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിശപ്പുരഹിത കേരള പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഹോട്ടലുകൾക്ക് തുടക്കമായത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തുകളിലും ചെറിയ നഗരസഭകളിലും ഒന്നു വീതവും വലിയ നഗരസഭകളിൽ 10 വാർഡിന് ഒന്ന് എന്ന ക്രമത്തിലുമാണ് 20 രൂപയ്ക്ക് ഉച്ചയൂണ് ലഭ്യമാക്കുന്നത്. ജനകീയ ഹോട്ടലുകളിലെ 10 ശതമാനം ഊണ് നിർദ്ധനർക്കുള്ളതാണ്. ഇതിനുള്ള തുക സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തണം.
മാർച്ച് 26ന് ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചണുകൾക്കും തുടക്കം കുറിച്ചിരുന്നു. അന്ന് മുതൽ ജൂൺ 15 വരെയുള്ള 82 ദിവസങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺ വഴി 5,43,122 ഭക്ഷണപ്പൊതികളും ജനകീയ ഹോട്ടൽ വഴി 1,75,499 ഭക്ഷണ പൊതികളും ഉൾപ്പെടെ മൊത്തം 7,18,621 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. കമ്മ്യൂണിറ്റി കിച്ചൺ വഴി വിതരണം ചെയ്ത 5,43,122 ഭക്ഷണപ്പൊതികളിൽ 4,43,585 ഭക്ഷണപ്പൊതികളും (81.67ശതമാനം) സൗജന്യമായാണ് വിതരണം ചെയ്തത്.
മറ്റ് സവശേഷതകൾ:
# കുടുംബശ്രീ യൂണിറ്റുകളുടെ പച്ചക്കറി, ഭക്ഷ്യസാധനങ്ങൾ, ധാന്യപ്പൊടികൾ എന്നിവ വിൽപ്പന നടത്താം.
# കുടുംബശ്രീ വനിതകൾക്ക് തൊഴിലും ചെറിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും കഴിയും.
# കിടപ്പു രോഗികൾക്കും വയോജനങ്ങൾക്കും ഉച്ചഭക്ഷണം വാതിൽപ്പടിയിൽ ലഭ്യമാക്കാനാകും.
തുടങ്ങിയ ജനകീയ ഹോട്ടലുകൾ: 44
പഞ്ചായത്തുകൾ: 39
നഗരസഭകൾ: 5
ഉച്ചഭക്ഷണസമയം: 12 മണി മുതൽ 3 മണി വരെ.
ഊണൊന്നിന് 10 രൂപ സബ്‌സിഡി കുടുംബശ്രീ വഴി സംരംഭക ഗ്രൂപ്പുകൾക്ക്.
കുടുംബശ്രീ വഴി 50,000 രൂപയുടെ റവോൾവിംഗ് ഫണ്ട്
സിവിൽ സപ്ലൈസ് വഴി 10.90 രൂപ നിരക്കിൽ അരി
'' ജില്ലയിലെ 94 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയ ഹോട്ടൽ തുടങ്ങാത്ത ഇടങ്ങളിൽ ഉടൻ പ്രവർത്തനം ആരംഭിക്കാനുള്ള ഊർജ്ജിത ശ്രമങ്ങളാണ് നടക്കുന്നത്. കോർപറേഷനിൽ അഞ്ച് ഹോട്ടലുകൾക്ക് സാദ്ധ്യതയുണ്ട് . അനുവദിച്ച ഫണ്ട് ലഭ്യമാക്കാൻ തുടങ്ങിയിട്ടുണ്ട് ''
- കെ.വി. ജ്യോതിഷ്‌കുമാർ, ജില്ലാ കോ ഓഡനേറ്റർ, കുടുംബശ്രീമിഷൻ