jossrivats
ഡോ.ജോസ് ടി.പൈകടയും ഡോ.എൻ.വി.ശ്രീവൽസും

തൃശൂർ: ആയുർവേദ, ഹോമിയോ വകുപ്പുകളുടെ ജില്ലയിലെ പദ്ധതികൾ ഏകോപിപ്പിക്കുകയും ആയുഷ് ഗ്രാമം, പ്രിസം, ഹർഷം തുടങ്ങിയ പദ്ധതികൾ ജനകീയമാക്കുകയും ചെയ്ത ഡോ. എൻ.വി. ശ്രീവൽസ് പടിയിറങ്ങുന്നു. അദ്ദേഹത്തോടൊപ്പം മറ്റൊരു ഡോക്ടറും വിരമിക്കുകയാണ്, സ്ഥലം മാറ്റരുതെന്ന് ജനങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് വർഷങ്ങളോളം ഒരു ആശുപത്രിയിൽ സേവനം ചെയ്ത ഡോ. ജോസ് ടി. പൈകട.

ആയുർവേദ ശാസ്ത്രത്തിന്റെ പ്രചാരണത്തിലും പൊതുജന സേവനത്തിലും മാതൃകയായ രണ്ടുപേരും സർക്കാർ സർവീസ് അവസാനിപ്പിക്കുമ്പോൾ നഷ്ടം ജില്ലയിലെ ആയുർവേദ മേഖലയ്ക്ക് മാത്രമല്ല, നിരവധി രോഗികൾക്കുമാണ്.

കൊവിഡ് 19 പ്രതിരോധ പരിപാടികൾ ജില്ലയിൽ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിരമിക്കുന്ന ഇവരെപ്പോലുളളവരുടെ അറിവുകൾ തുടർന്നും തേടാനുളള ഒരുക്കത്തിലാണ് ഭാരതീയ ചികിത്സാവകുപ്പ്.

ആയുഷ് വിജയമാതൃക

കൊവിഡ് പ്രതിരോധം നടപ്പിലാക്കുന്നതിൽ ആരോഗ്യ വകുപ്പിനോട് ചേർന്നു നിന്ന് ആയുർവേദ, ഹോമിയോ വകുപ്പുകളുടെ ഇടപെടൽ ശക്തമാക്കിയത് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ശ്രീവൽസ് ആയിരുന്നു. രോഗപ്രതിരോധത്തിൽ ആയുഷ് വിജയമാതൃകയുമായി. കൊവിഡ് കെയർ സെന്റർ ആരംഭിച്ചപ്പോഴും കളക്ടർ എസ്. ഷാനവാസ്, മേൽനോട്ട ചുമതല ആദ്യം ഏൽപ്പിച്ചതും ഡോ. ശ്രീവൽസിനെ ആയിരുന്നു. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളുടെ ആരോഗ്യസംരക്ഷണ ചുമതല അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആയുഷ് വകുപ്പ് മികച്ച രീതിയിൽ നിർവഹിച്ചത്. ആദിവാസി ഊരുകൾ സന്ദർശിച്ച് ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹാരം കണ്ടെത്താനും അദ്ദേഹത്തിനായി. അപരാജിതധൂമചൂർണ്ണം ജനവാസകേന്ദ്രങ്ങളിൽ പ്രയോഗിച്ചുളള പഠന, ഗവേഷണങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. എറണാകുളം ജില്ലയുടെ ചുമതല കൂടി അദ്ദേഹം നിർവഹിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശിയാണ്. രാജ്യത്തെ ആയുർവേദത്തിന്റെ പരമോന്നത കൗൺസിൽ ആയ സെൻട്രൽ കൗൺസിൽ ഫൊർ ഇന്ത്യൻ മെഡിസിനിലെ അംഗമായിരുന്നു.


ജനങ്ങളുടെ ഡോക്ടർ

വലപ്പാട് ഗവ. ആയുർവേദ ആശുപത്രിയിൽ നിന്ന് സ്ഥലംമാറ്റം കിട്ടിയപ്പോൾ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിച്ചതിനെ തുടർന്ന് അവിടെത്തന്നെ സേവനം ചെയ്യാനിടയായ ഒരു ആയുർവേദ ഡോക്ടർ ഉണ്ടെങ്കിൽ അത് ഡോ. ജോസ് പൈകട ആയിരുന്നു.

ഏറ്റെടുക്കുന്ന ഏതുകാര്യവും ഭംഗിയായി ചെയ്യുന്ന ഈ വിദഗ്ദ്ധ ചികിത്സകൻ, ഏറെക്കാലം വലപ്പാട്ടുകാരുടെ സ്വന്തം വൈദ്യനായി. ജന്മം കൊണ്ട് പാലാ സ്വദേശിയായ ഇദ്ദേഹം, ഔഷധ നിർമ്മാണ രംഗത്ത് ശ്രദ്ധേയനാണ്. ഇദ്ദേഹത്തിന്റെ സേവനം സ്വീകരിക്കാത്ത മരുന്ന് നിർമ്മാണ കമ്പനികൾ ചുരുക്കമാണ്. നിരവധി ജൂനിയർ ഡോക്ടർമാരുടെ ഗുരുവുമാണ്.