thalakkulam
തലക്കുളത്തിന് നടുവിലൂടെ കാനകീറിയതിൽ കോൺഗ്രസ് കൊടിനാട്ടി പ്രതിഷേധിക്കുന്നു


എരുമപ്പെട്ടി: വേലൂർ പഞ്ചായത്തിലെ പഴവൂരിൽ പ്രവർത്തിക്കുന്ന ത്രീ സ്റ്റാർ മെറ്റൽ ക്രഷറിൽ നിന്ന് മാലിന്യമായ സ്ലറി പാടശേഖരത്തിലേക്കും പൊതുകുളങ്ങളിലേക്കും ഒഴുക്കിവിടുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. പ്രമുഖ സിനിമാ നടന്റെ ഉടമസ്ഥതയിലുള്ള ക്രഷറിനെതിരെ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറാകുന്നിലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ക്രഷറിൽ നിന്ന് ഒഴുക്കിവിടുന്ന കരിങ്കൽപ്പൊടി ഉൾപ്പടെയുള്ള മാലിന്യം അടിഞ്ഞുകൂടി ഏക്കർ കണക്കിന് വരുന്ന പാടശേഖരം കൃഷിചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്. പ്രദേശത്തെ തലപ്പുറത്ത് കുളം ഉൾപ്പടെയുള്ള ജലസ്രോതസുകൾ മാലിന്യം നിറഞ്ഞ് പൂർണ്ണമായും മൂടിയ നിലയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ ക്രഷർ അധികൃതർ നാട്ടുകാരറിയാതെ കുളത്തിന് നടുവിലൂടെ കാന കീറി മാലിന്യം വീണ്ടും പാടശേഖരത്തിലേക്ക് ഒഴുക്കിവിടാൻ ശ്രമിച്ചു. ഈ വാർഡിനെ പ്രതിനിധാനം ചെയ്യുന്ന സി.പി.എം മെമ്പർ ക്രഷറിലെ ജീവക്കാരനാണ്. അതിനാൽ തന്നെ വേലൂർ പഞ്ചായത്ത് ക്രഷർ ഉടമയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഒരുവർഷം മുമ്പ് ജനകീയ പ്രതിഷേധത്തെ തുടർന്ന് കുളത്തിൽ നിന്നും പാടശേഖരത്തിൽനിന്നും മാലിന്യം നീക്കം ചെയ്യാമെന്ന് ക്രഷർ ഉടമ ഉറപ്പ് നൽകിയിരുന്നുവെങ്കിലും ആവശ്യമായ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

ജനദ്രോഹപരമായി പ്രവർത്തിക്കുന്ന ക്രഷറിനെതിരെ നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കോൺഗ്രസ് പഴവൂർ വാർഡ് കമ്മിറ്റി കൊടിനാട്ടി പ്രതിഷേധിച്ചു. വേലൂർ മണ്ഡലം പ്രസിഡന്റ് പി.വൈ .അബുസാലി, വാർഡ് പ്രസിഡന്റ് പി.കെ. സുലൈമാൻ, ബൂത്ത് പ്രസിഡന്റ് എൻ.കെ. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

................................


പൊതുകുളത്തിൽ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാൻ ക്രഷർ അധികൃതർ തയ്യാറാണ്. അതിന് വേണ്ടി 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പഞ്ചായത്ത് തയ്യാറാക്കിയിട്ടുണ്ട്. ക്രഷർ ഉടമ ഇത് സംബന്ധിച്ച് പഞ്ചായത്തിന് രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇതിന്റെ നടപടിക്കായി ഒരുവർഷമായി ശ്രമിക്കുന്നുണ്ടെങ്കിലും സർവേ, ജിയോളജി വകുപ്പുകളുടെ നിസഹകരണമാണ് പ്രവർത്തനങ്ങൾക്ക് തടസമാകുന്നത്.

- എ.എസ്. ചന്ദ്രൻ (വാർഡ് മെമ്പർ)