വാടാനപ്പിള്ളി: നടുവിൽക്കര പ്രിയദർശിനി റോഡിലെ കലുങ്ക് പുതുക്കിപ്പണിതപ്പോൾ തോട്ടിൽ ഇട്ട മണ്ണും കല്ലും നീക്കം ചെയ്യാത്തത് മൂലം മഴയിൽ വെള്ളക്കെട്ടിന് കാരണമാകുമെന്ന് ആശങ്ക. പള്ളിക്ക് തെക്കുഭാഗത്തെ കലുങ്കാണ് രണ്ടാഴ്ച മുൻപ് പൊളിച്ച് പുതുക്കിപ്പണിതത്. പൊളിച്ച അവശിഷ്ടങ്ങൾ തോട്ടിൽ വീണെങ്കിലും നിർമാണത്തിന് ശേഷം ഇവ നീക്കിയിരുന്നില്ല.
കാലവർഷത്തിൽ പ്രദേശത്തെ വെള്ളം ഈ കലുങ്കിന് താഴെയുള്ള തോട് വഴിയാണ് കനോലി പുഴയിൽ എത്തിച്ചേരുന്നത്. തോരാതെയുള്ള മഴയിൽ വെള്ളം സുഗമമായി പോകാൻ കഴിയാതെ പ്രദേശത്ത് കനത്ത വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. അതിനിടെയാണ് തോട്ടിൽ മണ്ണും കല്ലും കിടക്കുന്നത്. മഴ കനക്കും മുമ്പ് ഇവ വേഗം നീക്കിയില്ലെങ്കിൽ തോട്ടിലെ വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുമെന്നും ഇത് വെള്ളക്കെട്ടിന് കാരണമാകുമെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷവും ഇവിടെ പ്രളയം നാശം വിതച്ചിരുന്നു. അതിനാൽ തോട്ടിലെ മണ്ണും കല്ലും ഉടൻ'നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.