മാള: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പുത്തൻചിറ സഹകരണ സ്പിന്നിംഗ് മില്ലിലെ സ്ഥലത്ത് കൃഷിയിറക്കി. മില്ലിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ സ്ഥലത്താണ് പച്ചക്കറി കൃഷിയിറക്കി പദ്ധതിക്ക് തുടക്കമിട്ടത്. തുടർന്ന് മത്സ്യക്കൃഷി അടക്കമുള്ളവ നടത്താനാണ് പദ്ധതിയുള്ളത്. മില്ലിന് ചുറ്റുമുള്ള സ്ഥലത്താണ് ഇപ്പോൾ കൃഷി ആരംഭിച്ചിട്ടുള്ളത്. മൾച്ചിംഗ് ഷീറ്റ് വിരിച്ച് തുള്ളി നന സൗകര്യത്തോടെയാണ് കൃഷിയിടം ഒരുക്കിയത്. ടിഷ്യു കൾച്ചർ വാഴകളും നട്ടിട്ടുണ്ട്. സർക്കാർ പദ്ധതി അനുസരിച്ചുള്ള കൃഷിയിറക്കൽ അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സ്പിന്നിംഗ് മിൽ ചെയർമാൻ ടി.യു. രാധാകൃഷ്ണൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് വി.എ. നദീർ, കമ്പനി മാനേജിംഗ് ഡയറക്ടർ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.