തൃശൂർ: കൊവിഡ് 19 സമൂഹവ്യാപനം ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ. ഇതുവരെ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ല. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടാകുമ്പോൾ ഗവ. മെഡിക്കൽ കോളേജിനും ജില്ലാ ആശുപത്രിക്കും പുറമെ ചാലക്കുടി താലൂക്ക് ആശുപത്രിയിലും കൊരട്ടിയിലെ പഴയ ലെപ്രസി ആശുപത്രിയിലും കൊവിഡ് ചികിത്സയ്ക്ക് സൗകര്യം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.‌

വാർഡ്തല സമിതികളുടെ ഭാഗമായി കൂടുതൽ സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകും. ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക സുരക്ഷാ ജീവനക്കാരെ നിയോഗിക്കും. ക്വാറന്റൈൻ കേന്ദ്രങ്ങളിലെ മാലിന്യം സംസ്‌കരിക്കാൻ ഇമേജിനെ ആശ്രയിക്കും. ഭക്ഷ്യമാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കും. നിലവിൽ 12,216 പേർ ഹോം ക്വാറന്റൈനിലും എട്ട് പേർ ആശുപത്രിയിലുമുണ്ട്. ഇന്നലെ എട്ട് പേർ ആശുപത്രി വിട്ടു.

പതിനായിരത്തോളം അതിഥി തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങി. ഇനിയും അയ്യായിരത്തിലേറെ പേർ അടുത്ത ദിവങ്ങളിൽ മടങ്ങും. 16,000 പേർ ഇവിടെയുണ്ടാവും. അവരിൽ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും മടക്കി അയക്കും. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി പ്രവർത്തനം നടത്തി. സ്‌കൂളുകളും സർക്കാർ ഓഫീസുകളും ശുചീകരിച്ചു. ചെറിയ നീർച്ചാലുകളിലെ ഉൾപ്പെടെ മണ്ണും ചെളിയും മാലിന്യങ്ങളും നീക്കി. ഗ്രാമങ്ങളിലെ125 കിലോ മീറ്ററോളം നീർച്ചാലുകൾ ശുചീകരിച്ചു. 94 കിലോ മീറ്ററോളം ദൂരം റോഡ് കനാലുകൾ ശുചീകരിച്ചു.

വാർത്താ സമ്മേളനത്തിൽ കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ, കോർപറേഷൻ മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടർ എസ്. ഷാനവാസ് എന്നിവർ സംബന്ധിച്ചു.