തൃശൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ കേരളത്തിന്റെ ശാസ്ത്രീയ ഇടപെടലാണ് ലോക ശ്രദ്ധയാകർഷിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. കുന്നംകുളം പോർക്കളേങ്ങാട് നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം ഇനിയും കൂടുമെന്നതിൽ സംശയമില്ല. അതിനെ അതീവ ജാഗ്രതയിൽ ഇടപെട്ട് നിയന്ത്രിക്കും. ഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ കേസുകളുടെ എണ്ണം വർദ്ധിച്ചു. കൂട്ടായ്മയോടെയാണ് കൊവിഡ് പ്രതിരോധം നടത്തുന്നത്. വിവാദങ്ങൾക്ക് രോഗ പ്രതിരോധ പ്രവർത്തനത്തിൽ കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പഞ്ചായത്ത് തലത്തിൽ വാർഡുകളിൽ ജാഗ്രതാ സമിതി രൂപീകരിച്ച് പരിശോധന കർശനമാക്കും. ഹോം ക്വാറന്റൈൻ ഇനിയും കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡുമായി ഇണങ്ങിച്ചേർന്നു മുന്നോട്ടു പോകാനുള്ള കരുതൽ നമുക്ക് ഉണ്ടാകണമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിലെത്തുന്ന പ്രവാസികളെ ഉൾപ്പെടുത്തി ചെറുകിട സംരംഭങ്ങൾ ആരംഭിക്കും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയായി. കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൻ സീത രവീന്ദ്രൻ, വൈസ് ചെയർമാൻ പി.എം. സുരേഷ്, ഡി.പി.എം. ടി.വി. സതീശൻ, കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് എ.വി. മണികണ്ഠൻ, ഡോ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പ്രവാസി സംഘടനയുടെ ഒരു ലക്ഷം രൂപ പ്രവാസിയായ പനങ്ങാട്ട് അയപ്പൻ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിക്കു കൈമാറി.