തൃശൂർ: നെൽവിത്ത് സംഭരണം അനിശ്ചിതമായി വൈകുന്നതിൽ സംസ്ഥാന വിത്ത് വികസന അതോറിറ്റി ഓഫീസിനു മുന്നിൽ പാലക്കാട്ടെ കർഷകരുടെ പ്രതിഷേധം. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് സാധാരണ ഗതിയിൽ സംഭരണം നടക്കേണ്ടതെങ്കിലും നാളിതുവരെ സംഭരണം തുടങ്ങിയിട്ടില്ല. 480 ടൺ നെൽവിത്താണ് പാലക്കാട് ജില്ലയിൽ സംഭരിക്കാനുള്ളത്. കൃഷിമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും നെല്ല് എടുക്കാനുള്ള അനാവശ്യ കാലതാമസം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നൊച്ചുളളി പാടശേഖര സമിതി വൈസ് പ്രസിഡന്റ് കെ.കെ. രാജൻ മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയാവാത്ത സാഹചര്യത്തിലാണ് കർഷകർ പ്രതിഷേധവുമായെത്തിയത്.

വിഷയം പരിഗണിക്കാമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്. കേരള സംസ്ഥാന സീഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്കു വേണ്ടിയാണ് വിത്ത് നെല്ല് ഉത്പാദിപ്പിക്കുന്നത്. ഉദ്പാദിപ്പിച്ച നെല്ലിന്റെ ഗുണനിലവാരം പരിശോധനയും സംഭരണവും വൈകിയത് ഉദ്യോഗസ്ഥ നിഷ്‌ക്രിയത്വവും കെടുകാര്യസ്ഥതയും മൂലമാണെന്ന് കർഷകർ ആരോപിച്ചു.

അന്ധ്ര, കർണ്ണാടക നെൽവിത്ത് ലോബിയെ സഹായിക്കുള്ള നീക്കത്തിന്റെ ഭാഗമായാണ് വിത്ത് സംഭരണം അട്ടിമറിക്കുന്നതെന്ന് കിസാൻ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ശിവരാജൻ പറഞ്ഞു.. കാലവർഷം ആരംഭിച്ചതോടെ ഈർപ്പം തട്ടി നെൽവിത്ത് മുള പൊട്ടി തുടങ്ങിയിരിക്കുന്നു. കർഷകനുണ്ടാവുന്ന നഷ്ടം സർക്കാർ നികത്തണമെന്നും തരിശുഭൂമിയിൽ കൃഷി പ്രോത്സാഹിപ്പിക്കാൻ സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്ന സർക്കാർ കർഷകരെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ സമരത്തിന് കിസാൻ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ശിവരാജൻ, പരിസ്ഥിതി ഐക്യവേദി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത കർഷകരായ അഡ്വ. ഗിരീഷ് നൊച്ചുള്ളി, പി. സുദേവൻ ,കോട്ടായി രാജൻ, റിജേഷ് ബി , ജഗദീഷ് കുഴൽമന്ദം, എന്നിവരാണ് പ്രതിഷേധവുമായെത്തിയത്.