subheeksha-padhathi

യോഗത്തിൽ നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ സംസാരിക്കുന്നു

ചാവക്കാട്: പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സുഭിക്ഷാ പദ്ധതി ചാവക്കാട് നഗരസഭയിൽ നടപ്പിലാക്കുന്നു. ചുരുങ്ങിയത് 5 സെന്റ് ഭുമിയെങ്കിലും ഉള്ള വ്യക്തികൾക്ക് ഈ പദ്ധതി പ്രകാരം കിഴങ്ങ് വർഗ്ഗങ്ങൾ, പച്ചക്കറി എന്നിവയുടെ നടീൽ വസ്തുക്കൾ നൂറു ശതമാനം സബ്‌സിഡി നിരക്കിലും 75 ശതമാനം സബ്‌സിഡി നിരക്കിൽ വളവും ലഭിക്കും. എല്ലാ വിഭാഗത്തിൽ പെട്ടവർക്കും കീടനാശിനി സബ്‌സിഡി നിരക്കിൽ ലഭിക്കുന്നതാണ്. പച്ചക്കറി കൃഷി, മത്സ്യക്കൃഷി, നെൽക്കൃഷി, ക്ഷീരക്കൃഷി, കിഴങ്ങുകൃഷി എന്നിവയാണ് സുഭിക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഒന്നാം ഘട്ടം എന്ന നിലയിൽ പച്ചക്കറി കൃഷി, കിഴങ്ങ് വർഗ്ഗ കൃഷി എന്നിവയാണ് നഗരസഭയിൽ നടപ്പിലാക്കുന്നത്. തരിശു ഭൂമി കൃഷിക്ക് നൽകുന്ന ഭൂ ഉടമകൾക്കും ഈ പദ്ധതി പ്രകാരം ധനസഹായം നൽകുന്നുണ്ട്. വ്യക്തികൾക്ക് പുറമെ ഗ്രൂപ്പുകൾ, സ്വയം സഹായ സംഘങ്ങൾ എന്നിവർക്കും ഈ പദ്ധതി മുഖേന കൃഷിക്ക് ധനസഹായം ലഭിക്കും. പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ഗ്രൂപ്പുകൾ, ക്ലബുകൾ എന്നിവർ ഈ മാസം ഏഴാം തിയതിക്കകം ചാവക്കാട് കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ അറിയിച്ചു.