തൃശൂർ: ജില്ലയിൽ ഒമ്പത് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. എല്ലാവരും വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. സ്ത്രീകളാരും രോഗബാധിതരിലില്ല. അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ ചാവക്കാട് സ്വദേശി (32), ഇരിങ്ങാലക്കുട സ്വദേശി (46), കാറളം സ്വദേശി (27), തൃക്കൂർ സ്വദേശി (38), കാറളം സ്വദേശി (28), ദോഹയിൽ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (17), മതിലകം സ്വദേശി (59), പുന്നയൂർക്കൂളം സ്വദേശി (29), കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (17) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 12291 പേരാണ് നിരീക്ഷണത്തിലുള്ളത്. എട്ട് പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഴ് പേർ ആശുപത്രി വിട്ടു. 692 പേരെ കൂടി ഇന്ന് നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുണ്ടായിരുന്ന 686 പേരെ വിട്ടയച്ചു. ഇന്നലെ അയച്ച 55 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 2696 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2215 സാമ്പിളുകളുടെ ഫലം വന്നു. 481 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുള്ള 826 ആളുകളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

354 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. 163 പേർക്ക് കൗൺസലിംഗ് നൽകി. ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1421 പേരെയും മത്സ്യചന്തയിൽ 911 പേരെയും ബസ് സ്റ്റാൻഡിലെ പഴവർഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 77 പേരെയും സ്‌ക്രീൻ ചെയ്തു. യാത്രക്കാരുമായി വന്ന 4 അന്തർസംസ്ഥാന ബസുകളിലെ 22 യാത്രക്കാരെ വീടുകളിലും കൊവിഡ് നിരീക്ഷണകേന്ദ്രങ്ങളിലുമാക്കി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 511 പേരെ സ്‌ക്രീൻ ചെയ്തു. ഡെങ്കിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആനന്ദപുരം മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി.