തൃശൂർ: റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി തൃശൂർ- പൊന്നാനി കോൾ നിലങ്ങളുടെ അടിസ്ഥാന വികസനത്തിനായി 298 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയതായി കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ.

ആർ.കെ.വി.വൈ ആർ.ഐ.ഡി.എഫ് പദ്ധതി പ്രകാരം കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കെ.എൽ.ഡി.സി, കൃഷി എൻജിനിയറിംഗ് വിഭാഗം, മണ്ണ് ജല സംരക്ഷണം എന്നിവയെ ഏകോപിപ്പിച്ച് കോൾ വികസനത്തിനായി പദ്ധതികൾ നടപ്പിലാക്കും. തൃശൂർ - പൊന്നാനി കോൾ വികസനം രണ്ടാംഘട്ടത്തിന്റെ സേവിംഗ്‌സ് തുകയായ 15.97 കോടി ഉപയോഗിച്ച് സ്ലൂയിസുകളുടെ നിർമ്മാണം, ചാലുകളുടെ ആഴം കൂട്ടൽ, ഹൈലെവൽ കനാൽ നിർമ്മാണം എന്നിവയ്ക്കായി 19.57 കോടിയുടെ പദ്ധതി നടപ്പാക്കും.

തൃശൂർ- പൊന്നാനി ഫേസ് മൂന്ന് പ്രകാരം 13.93 കോടിയുടെ കോൾ നിലങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി എന്നിവ കേരള ലാൻഡ് ഡെവലപിംഗ് കോർപറേഷൻ വഴി നടപ്പിലാക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, കോർപറേഷൻ മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടർ എസ്. ഷാനവാസ് എന്നിവരും സംബന്ധിച്ചു.

പ്രവൃത്തികളും അനുവദിച്ച തുകയും

തൃശൂർ കോൾ നിലങ്ങളിലെ 32 പ്രധാന ചാലുകൾ ശക്തിപ്പെടുത്താൻ - 66.8451 കോടി

ഇടച്ചാലുകളുടെ ആഴവും വീതിയും കൂട്ടി ഫാം റോഡും റാമ്പും നിർമ്മിക്കാൻ- 153.56 കോടി

കോൾ നിലങ്ങളിലെ പെട്ടിപറ ഒഴിവാക്കി സബ്‌മേഴ്‌സിബിൾ പമ്പ് സെറ്റ് സ്ഥാപിക്കാൻ- 57 കോടി

എൻജിൻ തറകളും പമ്പ് ഹൗസുകളും ഇല്ലാത്തിടത്ത് അവ സ്ഥാപിക്കാൻ- 14.4585 കോടി

ട്രാൻസ്‌ഫോർമറുകൾ മാറ്റി സി.എഫ്.പി.ഡി സംവിധാനം കൂടി ഘടിപ്പിക്കാൻ- 3.76 കോടി.

കോൾ നിലങ്ങളിലേക്ക് ഉൾപ്പെടെ കാർഷിക യന്ത്രവത്കരണത്തിന് - 2.5 കോടി