കൊടുങ്ങല്ലൂർ: കാലവർഷത്തെ തുടർന്ന് പ്രളയം വരുന്ന സാഹചര്യമുണ്ടായാൽ ജനങ്ങളെ സുരക്ഷിതരായി ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കുന്നതിനും ക്യാമ്പുകളുടെ പ്രവർത്തനം കാര്യക്ഷമവും സുഗമവുമാക്കുന്നതിനും അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം രൂപരേഖ തയ്യാറാക്കി.
സൗകര്യപ്രദമായ ക്യാമ്പുകൾ കണ്ടെത്താനും ക്യാമ്പുകളിൽ ജനങ്ങളെ താമസിപ്പിക്കുമ്പോഴുണ്ടാകുന്ന ടോയ്‌ലെറ്റുകളുടെ അപര്യാപ്തത, മാലിന്യം, കുടിവെള്ള സ്രോതസുകളുടെ ശുചീകരണം തുടങ്ങിയ പ്രശ്‌നങ്ങൾ നേരത്തെ പരിഹരിക്കുന്നതിനും ക്യാമ്പുകളിലേക്ക് പായ, തലയണ, വൈദ്യുതി, ഭക്ഷ്യവസ്തുക്കൾ എന്നിവയും ലഭ്യമാക്കുന്നതിനും നടപടികൾ ആരംഭിക്കാൻ യോഗത്തിൽ ധാരണയായി.
ക്യാമ്പുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. പ്രായമായവർ, ഗർഭിണികൾ, അസുഖമുള്ളവർ, ഭിന്നശേഷിക്കാർ, എന്നിവരെ പ്രത്യേകം താമസിപ്പിക്കും. ദേശീയപാത, പൊതുമരാമത്ത് റോഡുകളുടെ അരികിലുള്ള വീഴാറായ മരങ്ങൾ, പരസ്യബോർഡുകൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവ എത്രയും വേഗം നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള അപകടകരമായ മരങ്ങൾ വെട്ടിമാറ്റുന്നതിന് അവർക്ക് തന്നെയാണ് ഉത്തരവാദിത്തമെന്നും യോഗത്തിൽ വ്യക്തമാക്കപ്പെട്ടു.
എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂം പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും യോഗം തീരുമാനിച്ചു. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് സിജി, തഹസിൽദാർ കെ. രേവ, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി. റോഷ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.