തൃശൂർ: കുടുംബശ്രീയുടെ 'കുടകളിലൂടെ സാമൂഹിക അകലം' എന്ന കാമ്പയിൻ ജില്ലാ കളക്ടറേറ്റിൽ തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ശാരീരിക അകലം സാമൂഹ്യ ഒരുമ എന്ന ആശയം എല്ലാ അയൽക്കൂട്ടങ്ങളിലും എത്തിക്കുന്നതിനായാണ് ഈ പദ്ധതി.

പൊതുഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിനായും ഉറപ്പുവരുത്തുന്നതിനായും കുടകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ കുടുംബശ്രീ കുട നിർമാണ യൂണിറ്റുകളുടെ കുടകൾക്ക് വിപണി ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇതോടൊപ്പം ഓൺലൈൻ ഭക്ഷണ വിതരണത്തിനുള്ള ഫുഡി അപ്ലിക്കേഷനായ അന്നശ്രീയുടെ ഉദ്ഘാടനവും, സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ കാർഷിക കലണ്ടറിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ജില്ലയിലെ നഗരപരിധിയിലുള്ള മൂന്ന് കുടുംബശ്രീ ഫുഡ് കോർട്ടുകളും അഞ്ച് കുടുംബശ്രീ യൂണിറ്റുകളും ചേർന്നാണ് തൃശൂർ നഗരപരിധിയിൽ 40 രൂപയ്ക്ക് ഉച്ച ഭക്ഷണവും മറ്റു ഭക്ഷണങ്ങളും ആപ്പ് വഴി നൽകുക. ഓരോ കാലത്തും നടേണ്ട വിത്തിനങ്ങളെ പറ്റിയുള്ള വിവരമാണ് കാർഷിക കലണ്ടർ നൽകുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവുമായ മേരി തോമസ് അധ്യക്ഷത വഹിച്ചു.

കോർപറേഷൻ മേയർ അജിത ജയരാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജ്യോതിഷ് കുമാർ കെ. വി തുടങ്ങിയവർ പങ്കെടുത്തു.