ഗുരുവായൂർ: ക്ഷേത്രസന്നിധിയിൽ വിവാഹങ്ങൾക്ക് സർക്കാർ നൽകിയ അനുമതി പ്രാവർത്തികമാക്കുന്നത് ചർച്ച ചെയ്യാൻ ദേവസ്വം ഭരണ സമിതി ചൊവ്വാഴ്ച ചേരുമെന്ന് ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചു. 50 പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താമെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിട്ടുള്ളത്. ഒരു ദിവസം 200 വിവാഹത്തിലധികം വരെ നടക്കുന്ന സ്ഥലമാണ് ഗുരുവായൂർ. ഒരേ സമയം തന്നെ നിരവധി വിവാഹങ്ങൾക്ക് മുഹൂർത്തം ഉണ്ടാകുകയും ചെയ്യും. അതിനാൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇളവ് എങ്ങിനെ നടപ്പാക്കുമെന്ന് സംബന്ധിച്ച് മാർഗരേഖയുണ്ടാക്കുന്നതിനാണ് ചൊവ്വാഴ്ച യോഗം ചേരുന്നത്. രാവിലെ 10 നാണ് ഭരണ സമിതി യോഗം.