ചാലക്കുടി: തച്ചുടപ്പറമ്പ് പാടശേഖരത്ത് അനധികൃതമായി റോഡ് നിർമ്മിച്ച സംഭവം ഒടുവിൽ ഹൈക്കോടതിയിലും. നിർമ്മാണത്തിലിരിക്കുന്ന റോഡ് പൊളിക്കാൻ നഗരസഭ നടത്തുന്ന നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും, റോഡ് പൊളിച്ചു നീക്കുന്നതിന് പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി നഗരസഭയുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

റോഡ് പൊളിക്കുന്നതിന് രേഖാമൂലം സംരക്ഷണം ആവശ്യപ്പെട്ടിട്ടും പൊലീസ് മുഖം തിരിച്ചു നിൽക്കുന്നുവെന്നാണ് നഗരസഭ ഭരണ സമിതി പറയുന്നത്. എന്നാൽ പ്രസ്തുത റോഡിന്റെ ഒരുഭാഗത്ത് നാശം വരുത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ നഗരസഭ നൽകിയ പരാതി നിലനിൽക്കുന്ന സാഹചര്യമാണ് പൊലീസിനെ ആശയക്കുഴപ്പിത്തിലാക്കുന്നതെന്ന് പറയുന്നു. നഗരസഭ കൗൺസിൽ തീരുമാന പ്രകാരം പിന്നീട് പരാതി പിൻവലിച്ചെങ്കിലും ചട്ടപ്രകാരം കോടതിയിലേക്ക് പോയ എഫ്.ഐ.ആർ റദ്ദാക്കാൻ കടമ്പകൾ പലതുണ്ടെന്നാണ് പൊലീസിന്റെ പക്ഷം. എന്നാൽ തുടരന്വേഷണം ആവശ്യമില്ലെന്ന് കാണിച്ച് പൊലീസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് റിപ്പോർട്ട് കൈമാറിയാൽ ഇതു സംബന്ധിച്ച സങ്കീർണത അവസാനിക്കുമെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പക്ഷെ ഇതിനു തയ്യാറാകാതെ ഡബിൾ റോളിലാണ് പൊലീസെന്ന് നഗരസഭ കുറ്റപ്പെടുത്തുന്നു. ഇതിനായി സ്ഥലം എം.പി ഇടപെട്ടിട്ടുണ്ടെന്നും പറയുന്നു. വിഷയം ഹൈക്കോടതിയിൽ എത്തിയതോടെ ഇനിയന്ത് എന്ന ആകാംക്ഷയിലാണ് നാട്ടുകാർ.

..........................................

കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത
തച്ചുടപ്പറമ്പ് വിഷയം രാഷ്ട്രീയ നേട്ടമാക്കാൻ ഉറപ്പിച്ച് കോൺസിലെ ഒരു വിഭാഗവും പ്രതികൂലമായ നിലപാടിൽ മുതിർന്ന നേതാക്കളും. അനധികൃതമാണങ്കിലും നിർമ്മാണം ആരംഭിച്ച റോഡ് നഗരസഭ പൊളിച്ചു നീക്കിയാൽ രാഷ്ട്രീയമായി ഗുണമുണ്ടാക്കാനാണ് മണ്ഡലം പ്രസിഡന്റുകൂടിയായ വാർഡ് കൗൺസിലർ ശ്രമിക്കുന്നത്. ഇതിനായി അദ്ദേഹം റോഡ് സംരക്ഷണം എന്ന നിവേദനം തയ്യാറാക്കി നാട്ടുകാരുടെ ഒപ്പു ശേഖരണവും നടത്തി. കഴിഞ്ഞ ദിവസം റോഡ് പൊളിക്കാൻ നഗരസഭ എത്തുമെന്ന അഭ്യൂഹം ഉയർന്നതോടെ പ്രതിരോധം തീർക്കാൻ സമീപത്ത് പാർട്ടി പ്രവർത്തകരെ ഒരുക്കുകയും ചെയ്തുവെന്ന് പറയുന്നു. എന്നാൽ ഈ വിഷയത്തിൽ വാർഡ് കൗൺസിലർക്ക് മാത്രമായുണ്ടാകുന്ന നേട്ടമാണ് ഇതെന്ന് മുതിർന്ന പല നേതാക്കളും അടക്കം പറഞ്ഞു തുടങ്ങി.

തച്ചുടപറമ്പും, തൊട്ടടുത്ത വി.ആർ. പുരവും നിരവധി തവണകളായി വാർഡ് കൗൺസിലറും അദ്ദേഹത്തിന്റെ ഭാര്യയുമാണ് കൈവശം വച്ചിരിക്കുന്നത്. ഇതു ഊട്ടിയുറപ്പിക്കുന്ന മറ്റൊരു തന്ത്രമാണ് പാടത്തെ റോഡ് വിഷയമെന്ന് മുതിർന്ന നേതാക്കൾ പറയുന്നു. പാടത്തെ റോഡ് അനധികൃതാണെന്നും അഞ്ചു ലക്ഷം അനുവദിച്ച പദ്ധതി പാതിപോലും എത്തുന്നതിന് മുമ്പ് കോൺട്രാക്ടർ 15 ലക്ഷത്തോളം രൂപ ചെലവഴിച്ചതും സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്നാണ് ഇവരുടെ പക്ഷം. വൻ ഭൂമാഫിയ്ക്കു വേണ്ടിയുള്ള നീക്കമാണ് നടക്കുന്നതെന്ന് എതിർ പാർട്ടിക്കാരും ആരോപിക്കുന്നു.