elk
കൊമ്പുകൾ നഷ്ടപ്പെട്ട് പുളിയിലപ്പാറയിൽ വീണ്ടുമെത്തിയ മ്ലാവ് ഷാജി പാപ്പനോടൊപ്പം

ചാലക്കുടി: ലോക്ക് ഡൗണിന്റെ ദുരിതത്തിനിടെ പുളയിലപ്പാറയിലെ ജനപ്രിയ മ്ലാവിന് കൊമ്പുകളും നഷ്ടപ്പെട്ടു. ഇതൊരു പ്രതിഭാസമാണെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷം കൊമ്പുകളില്ലാതെ മ്ലാവിനെ കണ്ട നാട്ടുകാർക്ക് ആശ്ചര്യം. ഒമ്പതു വയസുകാരൻ മ്ലാവ് ഈയിടെ കാടിനകത്തു വച്ച് ചത്തുവെന്ന കിംവദന്തിയുമുണ്ടായി. ലോക്ക് ഡൗണിൽ വയറു നിറയാൻ തരമില്ലാതായപ്പോഴാണ് രണ്ടു മാസം മുമ്പ് നാട്ടുകാരുടെ മണിക്കുട്ടൻ കാട്ടിലേക്ക് ഉൾവലിഞ്ഞത്. ഒരു മാസത്തിന് ശേഷം തിരിച്ചെത്തിയപ്പോഴും കാര്യമായ തീറ്റയില്ലാതെ വീണ്ടും ഇവൻ തിരിച്ചുപോയി. ഇതിനിടെയാണ് മരണവാർത്ത പരന്നത്. എന്നാൽ കഴിഞ്ഞ ദിവസം തന്റെ അന്നദാതാക്കളെ തിരഞ്ഞെത്തിയ ഇതിനെ ആദ്യം നാട്ടുകാർക്ക് മനസിലായില്ല. ഇഷ്ട തോഷൻ ഷാജിപാപ്പൻ തന്നെയാണ് കൊമ്പുകളില്ലാത്ത ജനപ്രിയനെ തിരിച്ചറിഞ്ഞത്. പിന്നീട് ഇയാൾ വച്ചു നീട്ടിയ ഭക്ഷണവും പതിവു പോലെ ആർത്തിയോടെ വിഴുങ്ങി. പ്രളയത്തിനു ശേഷമാണ് കാട്ടിൽ നിന്നും മ്ലാവ് ജനവാസ പ്രദേശത്ത് എത്തിയത്. വൈദ്യുതി ബോർഡിലെ താൽക്കാലിക ഡ്രൈവറായ പാറശേരി ഷാജി തുടങ്ങിവച്ച ഭക്ഷ്യദാനം തുടർന്ന് മറ്റുള്ളവരും ഏറ്റെടുത്തു. പിന്നീടിത് വിനോദ യാത്രക്കെത്തുന്നവരുടെ നേരമ്പോക്കുമായി. ഇതിനിടെയായിരുന്നു ലോക്ക് ഡൗൺ പൊല്ലാപ്പ്. കാര്യമായ ഭക്ഷണം കിട്ടാനില്ലാത്തതിനാൽ മ്ലാവിന്റെ മൂന്നാം വരവും എത്ര ദിവസം നീണ്ടുനിൽക്കുമെന്ന് നിശ്ചയമില്ല.