തൃശൂർ: മഴ ശക്തമാകുകയും സ്ഥാപനങ്ങൾ സാധാരണപോലെ പ്രവർത്തിക്കുകയും ചെയ്ത തിരക്കേറിയ ദിവസമായിരുന്ന ഇന്നലെ ജില്ലയിൽ സർവീസ് നടത്തിയത് പകുതിയോളം സ്വകാര്യബസുകൾ. ഇന്ന് മുതൽ അന്തർജില്ലാ സർവീസ് തുടങ്ങാൻ കെ.എസ്.ആർ.ടി.സി ഒരുക്കം പൂർത്തിയാക്കിയെങ്കിലും യാത്രാദുരിതം തീരില്ല.

കൊവിഡ് കാലത്തെ നിരക്കിൽ സർവീസ് നടത്താൻ അനുവദിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. അതിനാൽ ഇന്നും പകുതിയോളം ബസുകൾ നിരത്തിലിറങ്ങിയേക്കില്ല. ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലുമുളളവർ ബസുകൾ ഇല്ലാത്തതിനാൽ ബസ് ചാർജിന്റെ നാലിരട്ടിയിലേറെ മുടക്കിയാണ് ഓട്ടോയിലും ടാക്‌സിയിലും യാത്ര ചെയ്യുന്നത്.

ഫാസ്റ്റ് പാസഞ്ചർ സർവീസുകളാണ് ഇന്നുമുതൽ അന്തർജില്ലാ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ഓടിക്കുന്നത്. രാവിലെ അഞ്ചുമുതൽ വൈകിട്ട് ഒൻപത് വരെയാകും സർവീസ്. സീറ്റുകളിൽ മുഴുവൻ യാത്രക്കാരെയും അനുവദിക്കുമെങ്കിലും നിന്ന് യാത്രയ്ക്ക് അനുമതി ഉണ്ടാകില്ല. ഇതര ജില്ലകളിൽ കൂടി കടന്നുപോകേണ്ട സ്വകാര്യ ബസുകളാണ് ഇനി സർവീസ് ആരംഭിക്കാനുള്ളത്. വരും ദിവസങ്ങളിൽ യാത്രക്കാർ കൂടിയാൽ സർവീസ് തുടങ്ങുമെന്ന പ്രതീക്ഷയും ചില ബസുടമകൾ പങ്കുവയ്ക്കുന്നുണ്ട്.


ജില്ലയിലെ സ്വകാര്യബസുകൾ: 1200 ലേറെ

ഇന്നലെ ഓടിയത്: 600

ലിമിറ്റഡ് സ്റ്റോപ്പുകൾ: 200

കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ഇന്ന് ആരംഭിക്കുന്ന സർവീസ്:

49 ബസുകൾ തൃശൂരിൽ നിന്ന്, 20 ബസുകൾ പുതുക്കാട്ട് നിന്ന്

ബസുടമകളുടെ പരാതികൾ:

ഓഫീസ് സമയങ്ങളിൽ തിരക്കുണ്ടെങ്കിലും മറ്റ് സമയങ്ങളിൽ യാത്രക്കാരില്ല. ഇടയിലുളള സ്റ്റോപ്പുകളിൽ നിന്ന് കയറുന്ന യാത്രക്കാരെ നിയന്ത്രിക്കാനാകുന്നില്ല. ജീവനക്കാരുടെ ശമ്പളം കുറച്ചിട്ടും കഴിഞ്ഞ ദിവസങ്ങളിലെ സർവീസുകൾ നഷ്ടത്തിൽ

യാത്രക്കാരുടെ ആവശ്യങ്ങൾ:

അയൽജില്ലകളിലേക്ക് ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള കൂടുതൽ ബസുകൾ വേണം. കെ.എസ്.ആർ.ടി.സി കൂടുതൽ ലോക്കൽ സർവീസുകളും സ്റ്റോപ്പുകളും അനുവദിക്കണം. ഓഫീസ് സമയങ്ങളിൽ സ്വകാര്യ, കെ.എസ്.ആർ.ടി. സി സർവീസുകൾ കൂട്ടണം

'' എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് അയൽജില്ലകളിലേക്ക് സർവീസുകൾ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ സൗകര്യം ഏർപ്പെടുത്തും.''

- കെ.ടി.സെബി, ഡി.ടി.ഒ. തൃശൂർ

''ബസ്ചാർജ് പഴയ പടിയാക്കിയതിനാൽ ബസുടമകൾ ദുരിതത്തിലാണ്. സീറ്റുകളിൽ ഇരിക്കുന്നവർ മാത്രമായി സർവീസ് നടത്തിയാൽ നഷ്ടമാകുമെന്ന് തിരിച്ചറിഞ്ഞാണ് പകുതിയോളം ബസുകൾ സർവീസ് നടത്താതിരിക്കുന്നത്.''

- എം.എസ്. പ്രേംകുമാർ, പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്