തൃശൂർ: ഒരു മാസത്തിനകം ജില്ലയിൽ ആംബുലൻസുകൾ അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടത് രണ്ട് ആരോഗ്യ പ്രവർത്തകർക്ക്. മേയ് നാലിന് അന്തിക്കാട് ഗവ. ആശുപത്രിയിലെ 108 ആംബുലൻസ് അപകടത്തിൽപെട്ട് മറിഞ്ഞ് നഴ്‌സ് മരിച്ച ഞെട്ടൽ മാറുംമുമ്പേയാണ് വീണ്ടും അപകടമരണം.

വടക്കാഞ്ചേരി റെയിൽവേ സ്‌റ്റേഷന് സമീപം ഇന്നലെ നിയന്ത്രണം വിട്ട് മറിഞ്ഞ് പാലക്കാട് പാലന ആശുപത്രിയിലെ നഴ്‌സായ ജിബു(32) ആണ് മരിച്ചത്. പാലന ആശുപത്രിയിൽ നിന്നും രോഗിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ നിലയും ഗുരുതരമാണ്.

കഴിഞ്ഞ മാസം നടന്ന അപകടത്തിൽ അന്തിക്കാട് പെരിങ്ങോട്ടുകര താണിക്കൽ ചെമ്മണത്ത് വർഗീസിന്റെ മകൾ ഡോണയ്ക്ക്(23) ജീവൻ നഷ്ടപ്പെട്ടിരുന്നു. ആംബുലൻസിലെ ഡ്രൈവർ അന്തിക്കാട് സ്വദേശി അജയ് കുമാറിനും(32) അന്ന് പരിക്കേറ്റിരുന്നു. ആരോഗ്യ വകുപ്പിൽ ജോലിക്ക് കയറി എതാനും ആഴ്ചകൾക്കുള്ളിലാണ് ഡോണയ്ക്ക് ജീവൻ നഷ്ടമായത്.

നേരത്തെ പറവട്ടാനിയിലും ആംബുലൻസ് അപകടത്തിൽപ്പെട്ട് എതാനും പേർക്ക് പരിക്കേറ്റിരുന്നു. വാഹനപ്പെരുക്കവും കുരുക്കും മറികടന്ന് രോഗികളെ എത്രയും വേഗം ആശുപത്രികളിൽ എത്തിക്കാനുള്ള പാച്ചിലിനിടെയാണ് പലപ്പോഴും അപകടം പിണയുന്നത്.

കൗൺസലിംഗ് വേണം
ആംബുലൻസുകൾക്ക് വേഗപരിധി ഇല്ലെങ്കിലും ഡ്രൈവർമാർ കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്. രോഗിയുടെ ജീവൻ രക്ഷിക്കാൻ അതിവേഗം ഓടിക്കുമ്പോൾ വലിയ അപകടങ്ങൾക്കാണ് വഴിവയ്ക്കുന്നത്. അതിനാൽ കൗൺസിലംഗ് അത്യാവശ്യമാണ്.
- ഷാജി മാധവൻ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ, തൃശൂർ