anthikkad
വയോജനങ്ങൾക്ക് വേണ്ടി അന്തിക്കാട് പഞ്ചായത്ത് നിർമ്മിച്ച തണൽവിട്

കാഞ്ഞാണി: ജീവിതസായന്തനത്തിൽ ഒറ്റപ്പെടുന്നവർക്ക് ആശ്രയമാകേണ്ട അന്തിക്കാട് പഞ്ചായത്തിലെ തണൽ വീട് (പകൽവീട്) ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും വയോജനങ്ങൾക്ക് തുറന്നുകൊടുത്തില്ല. പട്ടികജാതി വിഭാഗത്തിൽ പ്പെട്ട വയോജനങ്ങൾക്ക് വേണ്ടിയാണ് ആറാം വാർഡിലെ തണൽവീട് നിർമ്മിച്ചത്.

2018 നവംബർ 20ന് ഭരണപരിഷ്‌കാര കമ്മിഷൻ വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്ത പകൽവീടാണ് ഒരു വർഷമായി അനാഥമായി കിടക്കുന്നത്. പഞ്ചായത്ത് ഗ്രൗണ്ടിൽ 5സെന്റ് ഭൂമിയിൽ 28ലക്ഷം ചെലവാക്കിയാണ് രണ്ടുനില കെട്ടിടം നിർമ്മിച്ചത്. തിരക്ക് പിടിച്ച് ഉദ്ഘാടനം നടത്തിയതിനാൽ സെപ്റ്റിക് ടാങ്ക് നിർമ്മാണം പൂർത്തീകരിച്ചില്ല. അടുക്കള, വെള്ളം തുടങ്ങിയ സൗകര്യവും ഒരുക്കിയിട്ടില്ല. വീട്ടുസാധനങ്ങളും മറ്റു അടിസ്ഥാനസൗകര്യങ്ങളും പൂർത്തിയാക്കുവാൻ കഴിയാത്തതിനാൽ ഉദ്ഘാടനം കഴിഞ്ഞിട്ടും വയോജനങ്ങൾക്ക് തുന്നുകൊടുക്കാൻ കഴിയാതെ അടച്ചിട്ടിരിക്കുകയാണ് പകൽവീടിന് നിർമ്മിച്ച കെട്ടിടം.

ഉദ്ഘാടനത്തൊടെ പ്രവർത്തനസജ്ജമാകുമെന്ന് കരുതിയ നാട്ടുകാർക്ക് മുന്നിൽ തണൽവീടിന്റെ വാതിലുകൾ അടയുന്നതാണ് പിന്നിടവർ കണ്ടത്. ജീവിതസാഹചര്യങ്ങൾ കൊണ്ട് വീടുകളിൽ ഒറ്റപ്പെട്ടുപോയ നിരവധി വയോജനങ്ങളാണ് തണൽവീട് പ്രവർത്തന സജ്ജമാകുന്നത് കാത്തിരിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് 2.25ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വയോജനങ്ങളെ കൊണ്ടുവരാനും കൊണ്ടുപോകാനും വാഹനം വേണം. ഭക്ഷണ സൗകര്യം, അളന്ന് തിട്ടപ്പെടുത്തി ചുറ്റമതിൽ നിർമ്മാണം ഇതിനെല്ലാം വേറെ ഫണ്ട് കണ്ടെത്തണം. സെപ്റ്റിക് ടാങ്കും വൈദ്യുതിയും വെള്ളവും ശരിയായി കഴിഞ്ഞാൽ എത്രയും വേഗം തണൽവീട് വയോജനങ്ങൾക്ക് തുറന്നു കൊടുക്കും.
- ദിവാകരൻ വാലത്ത് (വാർഡ് മെമ്പർ)

പ്രായമായവർക്ക് വിശ്രമിക്കുന്നതിനു വേണ്ടി എസ്.സി/ എസ്.ടി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള 'തണൽ വീട്' കേരള സംസ്ഥാന ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ ഒന്നര വർഷം മുൻപ് ഉദ്ഘാടനം ചെയ്തതാണ്. എന്നാൽ നാളിതുവരെയായിട്ടും ഇത് തുറന്നുകൊടുക്കാത്തത് ഗ്രാമ പഞ്ചായത്ത് അധികൃതരുടെ വീഴ്ചയും ഉദ്ഘാടകനോടുള്ള അനാദരവുമാണ്.

- മോഹനൻ വി.കെ (കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്)​