images

മാള: ലോക് ഡൗണിൽ കുടുങ്ങിയ പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി ഈ മാസം 19 വരെ നീട്ടിയെങ്കിലും, പലർക്കും അതിന്റെ പ്രയോജനം ലഭിക്കില്ലെന്നത് ഉദ്യോഗാർത്ഥികളിൽ ആശങ്ക ഉയർത്തുന്നു.

മാർച്ച് 20ന് കാലാവധി കഴിഞ്ഞ പട്ടികകൾ മൂന്ന് മാസത്തേക്ക് നീട്ടിയപ്പോൾ, ജൂൺ 18 ന് അവസാനിക്കുന്നവർക്ക് ഒരു ദിവസമാണ് അധികം ലഭിക്കുന്നത്. എല്ലാ റാങ്ക് പട്ടികകളുടെയും കാലാവധി തുല്യമായി ദീർഘിപ്പിക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

ആരോഗ്യ മേഖലയിലെ ഏതാനും തസ്തികകളിലേക്ക് മാത്രമാണ് ഇക്കാലഘട്ടത്തിൽ നിയമനം നടന്നത്. നിപ്പ, പ്രളയം, കൊവിഡ് എന്നിവ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങളാണ് ഇല്ലാതാക്കിയത്. ലോക്ക് ഡൗൺ മൂലം പി.എസ്.സി, വിവിധ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെയും പ്രവർത്തനം അവതാളത്തിലായി. റിട്ടയർമെന്റ്, വകുപ്പ് തല ഒഴിവുകൾ എന്നിവ റിപ്പോർട്ട് ചെയ്യുന്നതും തുടർ നടപടികളും നിലച്ചു. സിവിൽ എക്സൈസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ, ലാസ്റ്റ് ഗ്രേഡ് സെർവെന്റ്സ് (വിവിധ ഡിപ്പാർട്ട്മെന്റുകൾ), സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്മാൻ, എൽ.ഡി.സി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, എച്ച്.എസ്.എ മലയാളം, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2 തുടങ്ങിയവയിലേക്കുള്ള നിയമനത്തിനായാണ് റാങ്ക് പട്ടികയിൽ പ്രതീക്ഷ അർപ്പിച്ച് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്നത്.

നിയമനം നടക്കേണ്ട

മറ്റ് തസ്തികകൾ

*ലക്ചറർ ഇൻ ഫിസിക്സ്

*കേരള വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എൻജിനീയർ

*മുനിസിപ്പൽ സെക്രട്ടറി,

*എൽ.ഡി.വി ഡ്രൈവർ

*അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ

*ഡെപ്യൂട്ടി ഡിസ്ട്രിക് എഡ്യൂക്കേഷൻ മീഡിയ ഓഫീസർ

*എൽ.എസ്.ജി.ഡി തേഡ് ഗ്രേഡ് ഓവർസിയർ

*അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീരിയോഡൊണ്ടിക്സ്, കമ്മ്യൂണിറ്റി ‌ഡെന്റിസ്ട്രി, മെഡിക്കൽ എഡ്യൂക്കേഷൻ

* ബീവറേജസ് കോർപ്പറേഷൻ എൽ.ഡി ക്ളർക്ക്

..................

നിപ്പ മുതൽ കൊവിഡ് വരെ എത്തിനിൽക്കുമ്പോഴും റാങ്ക് പട്ടികയിൽ നിന്ന് പത്ത് ശതമാനം പോലും നിയമനം നടന്നിട്ടില്ല. ലോക്ക്ഡൗൺ ആയതോടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതും നിലച്ചു. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയത് രേഖകളിൽ മാത്രമാണ്.

എസ്. ശരത് കുമാർ

സംസ്ഥാന പ്രസിഡന്റ്, ഫെഡറേഷൻ ഒഫ് വേരിയസ് പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോ.)