കയ്പമംഗലം: വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഫലപ്രദമായി പ്രയോജനപ്പെടുത്താനും നിലവിലെ സജ്ജീകരണങ്ങളിലെ പോരായ്മകൾ പരിഹരിക്കാനും കയ്പമംഗലം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വിദ്യാഭ്യാസ സമിതി വിളിച്ചു ചേർത്തു. നിലവിൽ ഓൺലൈൻ ക്ലാസ് കിട്ടാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹചര്യം ഒരുക്കാൻ വേണ്ടിയായിരുന്നു യോഗം ചേർന്നത്.

വാർഡുകളിലെ വായനശാലകൾ, ക്ലബ്ബുകൾ, സാംസ്‌കാരിക നിലയങ്ങൾ എന്നിവയുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കാൻ സൗകര്യമൊരുക്കും. യോഗത്തിൽ കളരിപറമ്പ് വായനശാലയ്ക്ക് എം.ടെൽ മുംബയ് ഷോപ്പ് നൽകിയ എൽ.ഇ.ഡി ടി.വിയും കൈമാറി. മതിലകം, കയ്പമംഗലം പഞ്ചായത്തുകളിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. യോഗങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.ജി. സുരേന്ദ്രൻ, ടി.വി. സുരേഷ് എന്നിവ‌‌ർ അദ്ധ്യക്ഷത വഹിച്ചു. മതിലകം ബി.പി.ഒ: സജീവർ മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, സ്‌കൂൾ പ്രധാന അദ്ധ്യാപകർ, പി.ടി.എ പ്രസിഡന്റുമാർ എന്നിവ‌ർ സംസാരിച്ചു.