തൃശൂർ: ജില്ലയിൽ 6 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. എല്ലാവരും പുരുഷൻമാരാണ്. മേയ് 28ന് അബുദാബിയിൽ നിന്നെത്തിയ ഗുരുവായൂർ സ്വദേശി (54), 21ന് ദോഹയിൽ നിന്നെത്തിയ അന്നമനട സ്വദേശി (25), ചെന്നൈയിൽ നിന്ന് 22ന് എത്തിയ രണ്ട് അണ്ടത്തോട് സ്വദേശികൾ (43), (41), രാജസ്ഥാനിൽ നിന്ന് 20ന് എത്തിയ പൂത്തോൾ സ്വദേശി (45), ബംഗളൂരിൽ നിന്ന് 24ന് എത്തിയ കുന്നംകുളം സ്വദേശി (54) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗബാധിതരായ 49 പേരാണ് ആശുപത്രികളിലുള്ളത്. തൃശൂർ സ്വദേശികളായ ഒമ്പത് പേർ രോഗ ബാധിതരായി മറ്റ് ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ഇതുവരെ 78 കൊവിഡ് പോസിറ്റീവ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 12815 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇന്നലെ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേർ ആശുപത്രി വിട്ടു. 19 പേരെ കൂടി ഇന്ന് നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുണ്ടായിരുന്ന 849 പേരെ വിട്ടയച്ചു.
ഇന്നലെ അയച്ച 153 സാമ്പിളുകൾ ഉൾപ്പെടെ ഇതുവരെ 2863 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2290 സാമ്പിളുകളുടെ ഫലം വന്നു. 559 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 915 ആളുകളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 408 ഫോൺ കോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ഇതുവരെ 30816 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. 169 പേർക്ക് കൗൺസലിംഗ് നൽകി.
10 അന്തർസംസ്ഥാന ബസുകളിൽ വന്ന 32 യാത്രക്കാരെ വീടുകളിലും കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലുമാക്കി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 1030 പേരെ സ്‌ക്രീൻ ചെയ്തു. ഡെങ്കിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടപ്പുറം മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി.