പാവറട്ടി: എ.ഐ.വൈ.എഫ് തൈക്കാട്, എളവള്ളി, മുല്ലശ്ശേരി മേഖലാ കമ്മിറ്റികൾ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 71,530 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ചീഫ് വിപ്പ് കെ. രാജൻ എം.എൽ.എ വിവിധ മേഖലാ കേന്ദ്രങ്ങളിൽ എത്തിയാണ് തുക ഏറ്റുവാങ്ങിയത്. തൈക്കാട് മേഖല 30,330 രൂപയും എളവള്ളി മേഖല 21,100 രൂപയും മുല്ലശ്ശേരി മേഖല 20,100 രൂപയുമാണ് കൈമാറിയത്. മാമാബസാർ സെന്ററിൽ നടന്ന ചടങ്ങിൽ മേഖലാ പ്രസിഡന്റ് എ.പി. നവാസും സെക്രട്ടറി എ.വി. ഫിറോസും ചേർന്ന് കൈമാറി. എളവള്ളിയിൽ പി.എം. അനീഷ്, പി.ബി. സെബി എന്നിവർ ചേർന്ന് കൈമാറി. മുല്ലശ്ശേരിയിൽ വിവേക് വെളിവാലത്തും ഇ.ബി. ജിബിഷും ചേർന്നാണ് കൈമാറിയത്. ചടങ്ങിൽ സി.പി.ഐ നേതാക്കൾ, എ.ഐ.വൈ.എഫ് നേതാക്കൾ എന്നിവർ പങ്കെടുത്തു.
ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക എ.ഐ.വൈ.എഫ് മുല്ലശ്ശേരി മേഖലാ കമ്മിറ്റി ചീഫ് വിപ്പ് കെ. രാജൻ എം.എൽ.എക്ക് കൈമാറുന്നു.