തൃശൂർ: മെഡിക്കൽ കോളജിൽ കൊവിഡ് പരിശോധനയ്ക്കായി ട്രൂനെറ്റ് സംവിധാനമെത്തി. ദൂരയാത്ര കഴിഞ്ഞെത്തുന്ന ഗർഭിണികൾക്കും അടിയന്തര ശസ്ത്രക്രിയകൾ വേണ്ടവർക്കും ട്രൂനെറ്റിലൂടെ കൊവിഡ് പരിശോധന നടത്തും. കൊവിഡ് സംശയത്താൽ മരണം സംഭവിച്ചവർക്ക് രോഗം സ്ഥിരീകരിക്കാനും ഇതിലൂടെ കഴിയും. ഒരേ സമയത്ത് രണ്ടു പേരുടെ സാമ്പിളുകൾ ട്രൂനെറ്റിലൂടെ പരിശോധന നടത്താനാകും. രണ്ടു മണിക്കൂറിനകം ഫലം ലഭിക്കും. തുടർന്ന് രണ്ടു മണിക്കൂറിന് ശേഷം അടുത്ത സാമ്പിളുകൾ വീണ്ടും പരിശോധിക്കാം. പരിശോധനാ ഫലം പോസിറ്റീവാണെങ്കിൽ സാധാരണ നടത്തിവരുന്ന ആർ.ടി.പി.സി.ആർ ടെസ്റ്റും നടത്തി കൊവിഡ് ഉണ്ടോ എന്ന് സ്ഥിരീകരിക്കും. ഐ.സി.എം.ആറിലൂടെയാണ് പുതിയ പരിശോധനാ യന്ത്രം മെഡിക്കൽ കോളേജിന് ലഭിച്ചത്.