ചാലക്കുടി: തച്ചുടപറമ്പ് പാടശേഖരത്തിൽ നിർമ്മിച്ച റോഡ് പൊളിച്ചു നീക്കാനുള്ള നഗരസഭയുടെ തീരുമാനം നടപ്പാക്കാനായില്ല. നിയമപരമായി സങ്കീർണത നിലനിൽക്കുന്നുണ്ടെന്ന പൊലീസിന്റെ മുന്നറിയിപ്പിനെ തുടന്നാണ് നഗരസഭ സെക്രട്ടറി ഉദ്യമത്തിൽ നിന്നും പിൻവാങ്ങിയത്.
റോഡ് പൊളിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കൾ നൽകിയ സ്റ്റേ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച സാഹചര്യത്തിൽ അതിനു വിപരീതമായ വിധത്തിൽ നീക്കമുണ്ടായാൽ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ, സെക്രട്ടറിയെ ബോധ്യപ്പെടുത്തിയെന്ന് അറിയുന്നു. ഇതോടെയാണ് നഗരസഭ കാര്യാലയത്തിൽ നിന്നും സന്നാഹങ്ങളുമായി പാടത്തേയ്ക്ക് നീങ്ങാൻ തീരുമാനിച്ച ഉദ്യോഗസ്ഥർ പിൻവാങ്ങിയത്.
ഇതിനിടെ പാടശേഖരത്തിൽ നൂറിലധികംപേർ തടിച്ചു കൂടിയത് സംഘർഷാ അവസ്ഥ സംജാതമാക്കി. കോൺഗ്രസ് പ്രവർത്തകരാണ് പരിസരത്തെ വീട്ടുകാരുമായി പാടശേഖരത്തിൽ നിലയുറപ്പിച്ചത്. നേരത്തെത്തന്നെ അമ്പതോളം പൊലീസുകാരും സ്ഥലത്തെത്തിയിരുന്നു. ഇതേ സമയം നഗരസഭയുടെ ശ്രമങ്ങൾക്ക് പ്രോത്സാഹനവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ എത്തിയത് പൊലീസിനെ അങ്കലാപ്പിലാക്കി. പിന്നീടാണ് സെക്രട്ടറിയുടെ താൽക്കാലിക തീരുമാനമുണ്ടായത്. ഇതോടെ ഇരുവിഭാഗത്തേയും പൊലീസ് പിരിച്ചുവിട്ടു. ആളുകൾ പിരിഞ്ഞു പോകുന്നതിനിടെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദ്ദനമേൽക്കുകയും ചെയ്തു. ജനങ്ങളുടെ ആവശ്യത്തിന് നേരെ നഗരസഭ ഭരണസമിതി മുഖം തിരിക്കുന്നത് ഉചിതമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ പറഞ്ഞു. പ്രശ്‌നം വിജിലൻസ് അന്വേഷണത്തിന് വിട്ടിരിക്കമ്പോൾ റോഡ് പൊളിക്കൽ നേരായ വഴിയല്ലെന്ന് വാർഡ് കൗൺസിലർ ഷിബു വാലപ്പൻ പറഞ്ഞു.