തൃശൂർ: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം എല്ലാ വിദ്യാർത്ഥികളിലേക്കും എത്തിക്കാൻ ജില്ലാ ഭരണകൂടം നടത്തിയ ശ്രമം ശ്രദ്ധേയം. സ്‌കൂൾ പി.ടി.എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറമെ ജനകീയ കൂട്ടായ്മകളും ഇതിനായി കൂടെയുണ്ട്. നാട്ടികയിലെ ജനകീയ കൂട്ടായ്മ പ്രദേശത്തെ ടി.വി സൗകര്യമില്ലാത്ത 600 കുട്ടികൾക്ക് ടി.വി നൽകും.
ഏഴു പഞ്ചായത്തുകളിൽ നിന്നായി പൊതുജനങ്ങളിൽ നിന്ന് ധനസമാഹരണം നടത്തിയാണ് വിദ്യാർത്ഥികൾക്ക് ടി.വി നൽകുന്നത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ നിർദ്ദേശനുസരിച്ച്, ഒല്ലൂക്കര, ഇരിങ്ങാലക്കുട, അന്തിക്കാട് എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാനുള്ള സൗകര്യമൊരുക്കി.
ഒല്ലൂക്കരയിൽ പുസ്തകം നൽകി ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിലേക്ക് വരവേറ്റു. ഇന്റർനെറ്റ് സൗകര്യമില്ലാത്ത കുട്ടികൾക്ക് അതത് ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിൽ ഫ്രീ വൈഫൈ സംവിധാനവും ഒരുക്കി.